Thursday
25 December 2025
30.8 C
Kerala
HomeKeralaലൈഫ് മിഷൻ വീടുകൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ

ലൈഫ് മിഷൻ വീടുകൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകൾ മുഖേന നിർമ്മിച്ച 2,50,547 വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി.

ഒരു വീടിന് മൂന്ന് വർഷത്തേക്ക് പ്രീമിയം തുകയായ 349 രൂപാ വീതം 8.74 കോടി രൂപ അടച്ചാണ് ലൈഫ് മിഷൻ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്.

തിരുവനന്തപുരം പള്ളിച്ചൽ പഞ്ചായത്തിലെ റീനാ കുമാരിക്ക് ആദ്യ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് നൽകി ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഭവനരഹിതരുണ്ടാകരുത് എന്നാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വീടുകളുടെ അറ്റകുറ്റപണികൾ ഇൻഷുറൻസ് പരിധിയിൽ വരില്ലെന്നും അവ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

അർഹരായ എല്ലാവർക്കും ലൈഫ് പദ്ധതിയിലൂടെ വീട് നൽകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ജീവനോപാധികൾ കണ്ടെത്തുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ തൊഴിൽ പരിശീലനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

സംസ്ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. പ്രകൃതിക്ഷോഭം, അപകടം തുടങ്ങിയവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരമാവധി നാല് ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

ചടങ്ങിൽ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, പഞ്ചായത്ത് ഡയറക്ടർ ഡോ: പി.കെ ജയശ്രീ, സംസ്ഥാന ഇൻഷുറൻസ് ഡയറക്ടർ ഡോ: എസ് കാർത്തികേയൻ, യുണൈറ്റഡ് ഇൻഷുറൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ കെ. നന്ദകുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് വിതരണം നടന്നു.

RELATED ARTICLES

Most Popular

Recent Comments