ശുഭയാത്ര: ഇലക്‌ട്രോണിക് വീൽചെയർ സംസ്ഥാനതല വിതരണ ഉദ്ഘാടനം

0
97

സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായുള്ള ഇലക്‌ട്രോണിക് വീൽചെയർ സംസ്ഥാനതല വിതരണത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 26ന് ഉച്ചയ്ക്ക് 2.30 മണിക്ക് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കുന്നു. വി.കെ. പ്രശാന്ത് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ചലന പരിമിതിയുള്ള 2.63 ലക്ഷം ഭിന്നശേഷിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന മുച്ചക്ര വാഹനം, മാനുവൽ വീൽചെയർ, മറ്റ് ഇതര ചലന സഹായ ഉപകരണങ്ങൾ എന്നിവ നൽകുന്ന ശുഭയാത്ര പദ്ധതിയുടെ മറ്റൊരു ഘടകമാണ് ഇലക്‌ട്രോണിക് വീൽചെയർ വിതരണ പദ്ധതിയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

ഒരെണ്ണത്തിന് 1.16 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്‌ടോണിക് വീൽചെയറുകളാണ് ഓരോരുത്തർക്കും വിതരണം ചെയ്യുന്നത്. വികലാംഗക്ഷേമ കോർപറേഷൻ മുഖേന 125 ആളുകൾക്കും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ് മുഖേന 65 ആളുകൾക്കും ഉൾപ്പെടെ ആകെ 190 പേർക്കാണ് ആദ്യഘട്ടത്തിൽ ഇലക്‌ട്രോണിക് വീൽചെയറുകൾ നൽകുന്നത്.

ആകെ ലഭിച്ച 3200 ഓളം അപേക്ഷകളിൽ നിന്നും വിദഗ്ധർ അർഹരായവരുടെ പട്ടിക തയ്യാറാക്കി വീടുകൾ സന്ദർശിച്ച് ഓഡിറ്റ് നടത്തിയാണ് ആദ്യഘട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്.

തുടർന്നുള്ള ദിവസങ്ങളിൽ മറ്റുള്ള ജില്ലകളിൽ വിതരണം നടത്തുന്നതാണ്. ചലനപരിമിതിയുള്ള ആളുകളുടെ മേഖലയിൽ ഇത്രയധികം ഇലക്‌ട്രോണിക് വീൽചെയറുകൾ നൽകുന്നത് ഈ മേഖലയിലെ വലിയൊരു മുന്നേറ്റം തന്നെയാണ്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അർഹരായ മുഴുവൻ പേർക്കും ഇലക്‌ട്രോണിക് വീൽ ചെയർ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.