60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കങ്ങൾ

0
75

വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്‌സിനുകൾ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്‌സിനുകളും, കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകളുമാണ് എത്തുന്നത്.

കേന്ദ്രത്തിന്റെ മാർഗ നിർദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതാണ്. ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്.

60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്‌സിൻ എടുക്കുന്നതിനുള്ള കേന്ദ്രങ്ങൾ ഒരുക്കുന്നതാണ്. 300 ഓളം സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ എടുക്കുവാനുള്ള സൗകര്യം ഒരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

വാക്‌സിനേഷൻ പ്രക്രിയ അവലോകനം ചെയ്യുന്നതിന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. കോവിഡ് മുന്നണി പോരാളികളുടേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും വാക്‌സിനേഷൻ വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി.

കോവിഡ് മുന്നണി പോരാളികളുടേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. അതിനാൽ തന്നെ കേന്ദ്രത്തിന്റെ മാർഗനിർദേശം വരുന്ന മുറയ്ക്ക് 60 വയസ് കഴിഞ്ഞവരുടെ രജിസ്‌ട്രേഷൻ തുടങ്ങാൻ സാധിക്കുന്നതാണ്.

രജിസ്റ്റർ ചെയ്തിട്ട് എന്തെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാൻ കഴിയാതെ പോയ ആരോഗ്യ പ്രവർത്തകർ ഫെബ്രുവരി 27ന് മുമ്പായും കോവിഡ് മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാർച്ച് ഒന്നിന് മുമ്പായും എടുക്കേണ്ടതാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വരെ 3,38,534 ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു. അതിൽ 71,047 ആരോഗ്യ പ്രവർത്തകർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ 79,115 കോവിഡ് മുന്നണി പോരാളികളും, 13,113 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

വാക്‌സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഇന്ന് 611 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.