ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

0
57

ചലച്ചിത്ര നിർമ്മാണത്തിനുള്ള അത്യാധുനിക സൗകര്യങ്ങളോടെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി രൂപ മുതൽമുടക്കിൽ നടത്തുന്ന നവീകരണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ ചിത്രങ്ങൾ കേരളത്തിൽ തന്നെ മികവുറ്റ രീതിയിൽ നിർമ്മിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിനിമാ നിർമ്മാണത്തിലുള്ള ചെലവ് കുറയ്ക്കാനുമാകും. മലയാള സിനിമയുടെ വസന്തകാലത്തിന്റെ ചരിത്രം തന്നെ ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ഇഴ ചേർന്നിരിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. ആധുനിക രീതിയിലുള്ള സംവിധാനങ്ങൾ സജ്ജമാകുന്നതോടെ ചിത്രാഞ്ജലി സ്റ്റുഡിയോ സിനിമാ നിർമ്മാണത്തിന്റെ കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. ആധുനികവൽക്കരിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോ സംസ്ഥാനത്തിന്റെ സിനിമാ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ആധുനിക സിനിമ നിർമ്മാണത്തിനുള്ള സൗകര്യങ്ങളും സാങ്കേതിക വിദ്യയും സംസ്ഥാനത്ത് തന്നെ ചെയ്യാനാകുന്നത് സിനിമാ മേഖലയുടെ വളർച്ചയ്ക്ക് തന്നെ ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ യുഗത്തിലെ പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി ആദ്യഘട്ട നവീകരണം 63.6 കോടി രൂപ ചെലവിലാണ് ആരംഭിക്കുന്നത്.

പുറംവാതിൽ ചിത്രീകരണത്തിനുള്ള പരമ്പരാഗത തറവാടുകൾ, പൂന്തോട്ടം, അമ്പലങ്ങൾ, പള്ളി, പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ആവി എൻജിൻ, ട്രെയിൻ ബോഗികൾ എന്നിവ ഉൾപ്പെടെയുള്ള സെറ്റുകൾ സജ്ജമാക്കും.

പുറംവാതിൽ ചിത്രീകരണത്തിനാവശ്യമായ ആധുനിക ക്യാമറകൾ, ലൈറ്റുകൾ, ഡോൾബി അറ്റ്മോസ്, മിക്സ് തിയേറ്റർ, വെബ് ബ്രോഡ്കാസ്റ്റ്, ഒ.റ്റി.റ്റി., സിനിമാ പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യമായ മീഡിയ പോസ്റ്റ് സംവിധാനം, ബേസ് ലൈറ്റ് വി-5, ഡാവിഞ്ചി കളർ ഗ്രേഡിംഗ് സ്യൂട്ടുകൾ, ചലച്ചിത്ര വിതരണത്തിനുള്ള ഒ.റ്റി.റ്റി. പ്ലാറ്റ്ഫോം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള ചലച്ചിത്ര നിർമ്മാണത്തിനുള്ള എല്ലാ സൗകര്യങ്ങളും ചിത്രഞ്ജലിയിൽ സജ്ജമാകും. അടുത്ത ഏഴ് മാസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ മലയാള ചിത്രങ്ങൾക്കു പുറമെ അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ നിർമ്മാണത്തിനുള്ള കേന്ദ്രമായി ചിത്രാഞ്ജലി മാറും.