ലാസിയോയെ തകർത്ത് ബയേൺ

0
74

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ ആ​ദ്യ പാദ പോരാട്ടങ്ങളിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചും ഇം​ഗ്ലീഷ് ക്ലബ് ചെൽസിയും ജയിച്ചു. ബയേൺ ഇറ്റാലിയൻ ക്ലബ് ലാസിയോയെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തകർത്തപ്പോൾ എതിരില്ലാത്ത ഏക ​ഗോളിനായിരുന്നു അത്ലെറ്റിക്കോ മഡ്രിഡിനെ ചെൽസി മറികടന്നത്.

ഇറ്റലിയിലെ റോമിൽ നടന്ന മത്സരത്തിൽ ലാസിയോയോട് യാതൊരു ദയുമില്ലാതെയായിരുന്നു ബയേണിന്റെ ​ഗോൾവേട്ട. ഒമ്പതാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി, 24-ാം മിനിറ്റിൽ ജമാൽ മ്യൂസിയേല 42-ാം മിനിറ്റിൽ ലിറോയ് സാനെ എന്നിവർ വലകുലുക്കിയതോടെ ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത മൂന്ന് ​ഗോളിന് ബയേൺ മുന്നിൽ. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനകം ലാസിയോ താരം ഫ്രാൻസിസ്കോ അസെർബിയുടെ സെൽഫ് ​ഗോളിൽ ബയേൺ ലീഡുയർത്തി. രണ്ട് മിനിറ്റിന് ശേഷം ജോവാക്വിൻ കോറേയ ലാസിയോയുടെ ആശ്വാസ​ഗോൾ നേടി.

അത്ലെറ്റിക്കോയുടെ ​ഹോം മാച്ചായിരുന്നെങ്കിലും, സ്പെയിനിലെ യാത്രാ നിയന്ത്രണങ്ങൾ കാരണം റൊമാനിയയിൽ നടന്ന മത്സരത്തിൽ കഷ്ടപ്പെട്ടാണ് ചെൽസി ജയം നേടിയത്. മത്സരത്തിന്റെ 68-ാം മിനിറ്റിൽ തകർപ്പൻ ഒരു ഓവർഹെഡ് കിക്കിലൂടെ വലകുലുക്കി ഒളിവർ ജിറൂഡാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്. ആദ്യം ഓഫ്സൈഡെന്ന് പറഞ്ഞ് നിഷേധിച്ച ​ഗോൾ പിന്നീട് അനുവദിക്കുകയായിരുന്നു.