മാതാവിനെ സന്ദർശിച്ച് സിദ്ദിഖ് കാപ്പൻ തിരികെ ജയിലിലേയ്ക്ക് മടങ്ങി

0
102

അഞ്ച് ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ രോഗശയ്യയിലായ മാതാവിനെ സന്ദർശിച്ച് തിരികെ ജയിലിലെത്തി. ഹാഥ്റസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മൂന്ന് പേരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവനുസരിച്ച് യു.പി പൊലീസിൻറെ സുരക്ഷയിലായിരുന്നു കാപ്പൻറെ വീട്ടിലേക്കുള്ള യാത്രയും മടക്കവും.

അസുഖ ബാധിതയായ മാതാവിനെ കാണാൻ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് കാപ്പൻ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയത്. പിറ്റേന്ന് രാവിലെയാണ് അദ്ദേഹം മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തിയത്.

“കോടതി ഉത്തരവ് പ്രകാരം അദ്ദേഹത്തിന്റെ യാത്രയുടെ വിശദാംശങ്ങൾ ഞങ്ങൾക്ക് അറിയാൻ കഴിയില്ലായിരുന്നു. മൂന്നു മാസത്തെ ജയിൽ വാസത്തിനു ശേഷം അദ്ദേഹത്തെ കാണാനുള്ള ആകാംക്ഷയിലായതിനാൽ തന്നെ അദ്ദേഹത്തിന്റെ വരവ് ഒരേസമയം ആകാംക്ഷയും സന്തോഷവും നൽകുന്ന അനുഭവമായിരുന്നു” സിദീഖ് കാപ്പന്റെ ഭാര്യ റൈഹാനത് പറഞ്ഞു.

രോഗബാധിതയായി അവശനിലയിലായ മാതാവിനെ വീഡിയോ കോൺഫറൻസ് മുഖേന കാണാൻ കാപ്പനെ കോടതി അനുവദിച്ചിരുന്നെങ്കിലും അർദ്ധബോധാവസ്ഥയിലായതിനാൽ കാണാൻ സാധിച്ചില്ല.”ഞങ്ങൾക്കെല്ലാം അതൊരു വൈകാരിക നിമിഷമായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോഴുള്ള സന്തോഷം വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതല്ല. ഇടക്കാല ജാമ്യം കഴിഞ്ഞു അദ്ദേഹം തിരിച്ചു പോകുമെന്ന യാഥാർഥ്യം വേദനാജനകവുമായിരുന്നു. ” -റൈഹാനത്ത് പറഞ്ഞു

“കാപ്പനെ കണ്ടപ്പോൾ ഉമ്മ പ്രതികരിക്കാൻ തുടങ്ങി. അവർ പുഞ്ചിരിക്കുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. അദ്ദേഹം പോയപ്പോൾ എവിടെ പോകുന്നുവെന്ന് ഉമ്മ ചോദിച്ചു. കോഴിക്കോട് ജോലിക്ക് പോകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോൾ ഉമ്മ മൗനത്തിലായി. അപ്പോൾ എനിക്ക് മനസ്സിലായി ഞങ്ങളുടെ സംസാരങ്ങളിൽ നിന്നും ഉമ്മാക്ക് കാര്യങ്ങൾ മനസ്സിലായി എന്ന്.”ഭർത്താവിന്റെ മോചനത്തിനായുള്ള പോരാട്ടത്തിൽ മുൻനിരയിലുള്ള റൈഹാനത് പറഞ്ഞു.

ഉത്തർപ്രദേശ് പൊലീസിലെ ആറു ഉദ്യോഗസ്ഥരാണ് കാപ്പനെ അനുഗമിച്ചത്. പൊലീസുകാരെല്ലാം നല്ല രീതിയിലാണ് പെരുമാറിയതെന്ന് അവർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിലും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും കോടതി കാപ്പനെ വിലക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ പത്തോടെ താൻ മഥുര ജയിലെത്തിയെന്നു പറഞ്ഞു കാപ്പൻ വിളിച്ചതായും റൈഹാനത് പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീം കോടതി കാപ്പന്റെ ജാമ്യ ഹർജി പരിഗണിക്കുക.