പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ന്; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും

0
67

മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മണ്ണിനും പുല്ലിനും ഇരിപ്പിടങ്ങള്‍ക്കുമെല്ലാം പുതുമണമുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആയ ശേഷം മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ബുധനാഴ്ച ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. പിങ്ക് ബോള്‍ (ഡേ-നൈറ്റ്) ടെസ്റ്റ് ഉച്ചയ്ക്ക് 2.30-ന് തുടങ്ങും.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് ജയിച്ചുകഴിഞ്ഞ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഈ ടെസ്റ്റില്‍ ജയം അനിവാര്യം. ശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയുമുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് ഫൈനലിലെത്താം.

ഇന്ത്യയുടെ മൂന്നാം പിങ്ക് ടെസ്റ്റാണിത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെതിരേ വന്‍ ജയം നേടി. പക്ഷേ, ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരേ അഡ്ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായി നാണംകെട്ട് മത്സരം തോറ്റു.

ഡേ നൈറ്റ് മത്സരത്തില്‍ വൈകീട്ട് ഫ്‌ളഡ് ലൈറ്റ് വരുന്നതോടെ പേസ് ബൗളിങ്ങിനെ നേരിടാന്‍ ബാറ്റ്സ്മാന്‍മാര്‍ ബുദ്ധിമുട്ടും. മൊട്ടേരയിലെ പിച്ചില്‍ നേരിയ പുല്ലുണ്ടെങ്കിലും മത്സരം തുടങ്ങുമ്പോള്‍ ഇത് കാണാനുണ്ടാകില്ലെന്ന് ഉറപ്പാണെന്ന് ഇംഗ്ലണ്ട് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സന്‍ പറഞ്ഞു. കളി പുരോഗമിക്കുമ്പോള്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് തുണകിട്ടും എന്നാണ് സൂചന.

രണ്ടാം ടെസ്റ്റ് കളിച്ച ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ മാറ്റത്തിന് സാധ്യതയില്ല. പിച്ചിന്റെ സ്വഭാവം വ്യക്തമായി മനസ്സിലായശേഷമേ ബൗളിങ്ങിലെ മാറ്റങ്ങള്‍ വ്യക്തമാകൂ. പേസര്‍മാരായി ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, സ്പിന്നര്‍മാരായ ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഇലവനിലുണ്ടാകും. അഞ്ചാമതായി സ്പിന്നറോ പേസ് ബൗളറോ എന്ന ചോദ്യമുണ്ട്. കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഈ സ്ഥാനത്തിനായി മത്സരിക്കുന്നു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പേരും ഉണ്ട്. ഇംഗ്ലണ്ട് നിരയില്‍ പേസ് ബൗളര്‍മാരായ ജെയിംസ് ആന്‍ഡേഴ്സന്‍, ജോഫ്ര ആര്‍ച്ചര്‍, സ്പിന്നര്‍ ഡോം ബെസ്സ് എന്നിവര്‍ തിരിച്ചെത്തും.