വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് ഉപരോധം: രാകേഷ് ടികായത്

0
93

വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി കർഷക നേതാവ് രാകേഷ് ടികായത്ത്. നാൽപ്പത് ലക്ഷം ട്രാക്ടറുകൾ അതിനായി തയ്യാറാണെന്നും ടികായത്ത് പറഞ്ഞു. യുപിയിലെ സികാറിൽ യുണൈറ്റഡ് കിസാൻ മോർച്ച സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റ് ഘരാവോ ചെയ്യാനുള്ള സമയമായി. ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത് വൈകാതെ പ്രഖ്യാപിക്കും. നാലു ലക്ഷത്തിന് പകരം നാൽപ്പത് ലക്ഷം ട്രാക്ടറുകളാണ് മാർച്ചിലുണ്ടാകുക- അദ്ദേഹം പറഞ്ഞു. ഏതു സമയത്തും ഡൽഹി മാർച്ചിന് സന്നദ്ധരായിരിക്കാനും അദ്ദേഹം കർഷകരോട് ആവശ്യപ്പെട്ടു. കർഷക നേതാക്കളുമായി കൂടിയാലോചിച്ച് അതിനുള്ള സമയം തീരുമാനിക്കുമെന്നും ടികായത്ത് അറിയിച്ചു.

ഇന്ത്യാ ഗേറ്റിന് സമീപം നിലമുഴുത് കൃഷിയിറക്കാനും കർഷകർക്ക് പദ്ധതിയുണ്ട്. കർഷകർ രാജ്യത്തിന്റെ മൂവർണക്കൊടിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ നേതാക്കളെയല്ല- ടികായത്ത് കൂട്ടിച്ചേർത്തു.

സമരം 92 ദിവസം പിന്നിട്ടു

അതിനിടെ, കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന് നടക്കും. താലൂക്ക്- ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. രാഷ്ട്രപതിക്ക് നിവേദനം നൽകുന്നുമുണ്ട്. 28 ന് മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കാനുള്ള കൂടിയാലോചനകൾ തുടരുകയാണ്.

ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരം 92 ദിവസം പിന്നിട്ടു. ഇതിനിടെ തിക്രിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് പതിക്കാനെത്തിയതിനെതിരെ കർഷകർ പ്രതിഷേധിച്ചു. സമാധാനപരമായി സമരം തുടരുമ്പോൾ നോട്ടിസിന്റെ ആവശ്യമില്ലെന്നാണ് കർഷക സംഘടനകളുടെ പ്രതികരണം.