Wednesday
17 December 2025
31.8 C
Kerala
HomeKeralaവികസന കാര്യത്തില്‍ സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുകയാണ്: മുഖ്യമന്ത്രി

വികസന കാര്യത്തില്‍ സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുകയാണ്: മുഖ്യമന്ത്രി

വികസന കാര്യത്തില്‍ സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിച്ച ബേപ്പൂരിലെ ചാനല്‍ മാര്‍ക്കിങ് ബോയ, കസ്റ്റംസ് ഇ.ഡി.ഐ സെന്റര്‍ പദ്ധതികളുടെയും കോവിലകം ഭൂമി കേരള മാരിടൈം ബോര്‍ഡിലേക്ക് ഏറ്റെടുത്തതിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആഗോള തലത്തില്‍ സംസ്ഥാനത്തെ തീരദേശ മേഖലക്ക് പ്രതീക്ഷയേകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിഴിഞ്ഞം മുതല്‍ ബേപ്പൂര്‍ വരെ അഞ്ച് തുറമുഖങ്ങളിലായി 34.17 കോടിയുടെ വികസനം വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ സാധ്യമാക്കി.

മലബാറിന്റെ സര്‍വ്വദോന്മുഖമായ വികസനത്തിന് ആക്കം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ബേപ്പൂരില്‍ 3.85 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഈ സ്ഥലം 28 കോടി രൂപ നല്‍കി ബേപ്പൂര്‍ തുറമുഖത്തിന്റെ ഭാഗമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശ കപ്പലുകളിലേക്ക് ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും 32 ലക്ഷം ചിലവില്‍ സ്ഥിരം ഇ.ഡി.ഐ (ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ഫേസ്) സംവിധാനം ഏര്‍പ്പെടുത്തുന്നതിനും തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, അഴീക്കല്‍, തുറമുഖങ്ങളിലെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ഇ.ഡി.ഐ സെന്ററിന്റെ ശിലാഫലക അനാഛാദനം വി.കെ.സി മമ്മദ് കോയയും പ്രാദേശിക ഉദ്ഘാടനം മേയര്‍ ബീന ഫിലിപ്പും നിര്‍വ്വഹിച്ചു. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ സീനിയര്‍ അഡ്വ. വി.ജെ മാത്യു, നഗരസഭ കൗണ്‍സിലര്‍മാരായ കെ രാജീവ്, തോട്ടുങ്ങല്‍ രജനി, എം ഗിരിജ, തുറമുഖ ഓഫീസര്‍ അശ്വനി പ്രതാപ് മറ്റു രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments