Saturday
10 January 2026
20.8 C
Kerala
HomeIndiaഡല്‍ഹി കലാപം: ബിജെപി നേതാക്കള്‍ വഹിച്ച പങ്ക് മറച്ചുവയ്ക്കാന്‍ പൊലീസ് ശ്രമം

ഡല്‍ഹി കലാപം: ബിജെപി നേതാക്കള്‍ വഹിച്ച പങ്ക് മറച്ചുവയ്ക്കാന്‍ പൊലീസ് ശ്രമം

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ ബിജെപി നേതാക്കള്‍ വഹിച്ച പങ്ക് മറച്ചുവയ്ക്കാന്‍ ഡല്‍ഹി പൊലീസ് ശ്രമം തുടരുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. നീതിനിര്‍വഹണത്തില്‍ നടക്കുന്ന അട്ടിമറിയെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. കേന്ദ്രഭരണകക്ഷിയില്‍പെട്ടവര്‍ക്ക് എന്തുമാകാമെന്ന സന്ദേശമാണ് ഡല്‍ഹി പൊലീസ് നല്‍കുന്നതെന്ന് കലാപത്തിന്റെ ഇരകള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബൃന്ദ കാരാട്ട് പറഞ്ഞു.

ബിജെപി നേതാവ് കപില്‍ മിശ്ര കലാപത്തിനു പ്രേരിപ്പിക്കുന്ന വിധത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതാണ്. മിശ്രയ്ക്കെതിരെ കേസെടുത്തില്ല. ഇനിയും ഇത്തരത്തില്‍ പ്രസംഗിക്കുമെന്ന് മിശ്ര കഴിഞ്ഞദിവസം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന ഡല്‍ഹി പൊലീസ് കലാപത്തിനു പ്രേരിപ്പിക്കുന്നവരെ തൊടുന്നില്ല.

കൊലപാതകങ്ങളുടെ ദൃക്സാക്ഷികളില്‍നിന്ന് മൊഴിയെടുക്കുന്നില്ല. കോടതിനടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു. ആഭ്യന്തരമന്ത്രാലയം നേരിട്ട് നിയന്ത്രിക്കുന്ന രാജ്യതലസ്ഥാനത്ത് കലാപം അഞ്ച് ദിവസം നീണ്ടത് സംശയകരമാണ്. കലാപം നടന്ന ഫെബ്രുവരി 22 മുതല്‍ 26 വരെ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് ആയിരക്കണക്കിനു ടെലിഫോണ്‍ വിളികളെത്തി.

പ്രതികരണം ഉണ്ടായില്ല. യഥാസമയം നിരോധനാജ്ഞയോ നിശാനിയമമോ പ്രഖ്യാപിച്ചില്ല. മതിയായ തോതില്‍ പൊലീസ് വിന്യാസവും ഉണ്ടായില്ല. ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘം സത്യം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ബൃന്ദ ചൂണ്ടിക്കാട്ടി. രണ്ട് മക്കള്‍ കൊല്ലപ്പെട്ട അസ്ഗരി, മകനെ നഷ്ടപ്പെട്ട രാം പാസ്വാന്‍, ആസിഡ് ആക്രമത്തില്‍ കാഴ്ച പോയ മുഹമ്മദ് വക്കീല്‍, സഹോദരനെ നഷ്ടപ്പെട്ട ഫൈസാന്‍, ഭര്‍ത്താവിനെ നഷ്ടപ്പെട്ട മല്ലിഗ തുടങ്ങിയവര്‍ ദുരനുഭവം പങ്കിട്ടു

RELATED ARTICLES

Most Popular

Recent Comments