വിഴിഞ്ഞത്ത് സിപിഐ എം പാർട്ടി ഓഫീസ് പിടിച്ചെടുത്തെന്ന് ബിജെപിയുടെ വ്യാജ പ്രചാരണം

0
100

സിപിഐ എമ്മിന്റെ രണ്ടു ബ്രാഞ്ചുകൾ ബിജെപിയിൽ ലയിച്ചതായ പ്രചാരണം വ്യാജം. കഴിഞ്ഞ നവംബറിൽ പാർടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സിപിഐ എമ്മിൽ നിന്ന് പുറത്താക്കിയ ഏതാനും പേരാണ് പാർടി ഓഫീസടക്കം ബിജെപി ഓഫീസാക്കിയെന്ന പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുള്ളത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ മുക്കോല പ്രഭാകരൻ, വയൽക്കര മധു എന്നിവരെ അന്നുതന്നെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ സിപിഐ എമ്മിന്റെ വാർത്താക്കുറിപ്പും പ്രസിദ്ധീകരിച്ചിരുന്നു.

സിപിഐ എമ്മിന് വിഴിഞ്ഞം ലോക്കലിൽ പനവിള, തോട്ടം എന്നീ പേരുകളിൽ ബ്രാഞ്ചുകളേ ഇല്ല. അവിടെ പാർടിക്ക് ഒരിടത്തും ബ്രാഞ്ച് ഓഫീസും ഇല്ല. നേരത്തെ വയലേലയിൽ കാർഷികോപകരണങ്ങൾ സൂക്ഷിക്കാനുണ്ടാക്കിയ ഒരു ഷെഡ് പിന്നീട് മധു അനധികൃതമായി കെട്ടിടമാക്കി മാറ്റിയിരുന്നു. എന്നാൽ അതിന് കെട്ടിട നമ്പറോ രേഖകളോ ഇല്ല.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ പരിശോധിക്കുകയും പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകുകയും ചെയ്തപ്പോഴാണ് ബിജെപി ഓഫീസാക്കി മാറ്റി സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ ഹീന പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുള്ളത്.

പാർട്ടിയിൽ നിന്നും പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള കെട്ടിടത്തിൽ ബിജെപിയുടെ കൊടി കെട്ടിയിട്ട് സിപിഐ എമ്മിന്റെ ഓഫീസ് പിടിച്ചെടുത്തു എന്ന പ്രചാരണം രാഷ്ട്രീയ മുതലെടുപ്പിനായുള്ള പ്രചാരണവേല മാത്രമാണെ സിപിഐ എം കോവളം ഏരിയാ സെക്രട്ടറി പി എസ് ഹരികുമാർ പറഞ്ഞു.