വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി

0
56

വിദേശത്ത് നിന്ന് എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. പുതിയ പരിഷ്‌ക്കാരത്തിന് എതിരെ പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. യാത്രക്കാരില്‍നിന്ന് 1300 രൂപ ഫീസ് ഈടാക്കിയാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നത്.

വിദേശത്ത് നിന്ന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് പ്രവാസികള്‍ കരിപ്പൂരിലെത്തുന്നത്. വീണ്ടും വിമാനത്താവളത്തില്‍ വച്ച് പരിശോധന നടത്തുന്നതില്‍ പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. പരിശോധനാ ഫീസ് നല്‍കാന്‍ ഇന്ത്യന്‍ പണം കൈയിലില്ലാത്ത പ്രശ്‌നവും പ്രവാസികളില്‍ പലരും നേരിടുന്നുണ്ട്. വിദേശ കറന്‍സി മാറ്റി നല്‍കാന്‍ കൗണ്ടര്‍ ഒരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം, പല ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ചൊവാഴ്ച കരിപ്പൂരിലെത്തിയ മൂന്ന് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ പരിശോധന കര്‍ശനമായി തുടരുമെന്ന് മലപ്പുറം കളക്ടര്‍ പറഞ്ഞു.യാത്രക്കാരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാനമന്ത്രി,മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി ടി വി ഇബ്രാഹിം എംഎല്‍എ അറിയിച്ചു.