കേരളത്തിലുണ്ടായത് അഭൂതപൂർവ്വമായ വികസന മുന്നേറ്റം: കെ കെ ശൈലജ ടീച്ചർ

0
107

കൃത്യമായ ലക്ഷ്യബോധത്തോടു കൂടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് കേരളത്തിലേതെന്നും ആരോഗ്യ മേഖലയിലുൾപ്പെടെ അഭൂതപൂർവ്വമായ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം ഉണ്ടായതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

ഇരിട്ടി താലൂക്ക് ആശുപത്രി ലക്ഷ്യ മാതൃ-ശിശു ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് പുതിയ മാതൃ-ശിശു ബ്ലോക്കിന്റെ പ്രവർത്തനം ആരംഭിച്ചതോടെ യാഥാർഥ്യമാകുന്നത്.

രോഗം വരുമ്പോൾ മാത്രം ആശുപത്രിയിൽ പോകുന്നവരാണ് മിക്കവരും. രോഗപ്രതിരോധത്തെക്കുറിച്ച് നാം മറന്നു പോവുകയാണ്. അത് തിരിച്ചു പിടിക്കാൻ പ്രാഥമിക തലത്തിൽ നിന്ന് തന്നെ സംവിധാനങ്ങൾ തുടങ്ങണം. കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഇതിന് മുതൽക്കൂട്ടാവും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആരോഗ്യമേഖല ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു.

ലക്ഷ്യ സ്റ്റാൻഡേർഡ് പ്രകാരമുള്ള മാതൃ-ശിശു സംരക്ഷണ വാർഡ് ഇരിട്ടി താലൂക്ക് ആശുപത്രി വികസനത്തിൽ തന്നെ നാഴികക്കല്ലായി മാറും. ദേശീയ ആരോഗ്യദൗത്യം മുഖേന ലഭിച്ച 3.19 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമ്മാണം. ഓപ്പറേഷൻ തീയറ്റർ, ന്യൂബോൺ ഐസിയു, ട്രയാജ്, മികച്ച സൗകര്യമുള്ള വാർഡുകൾ, മറ്റ് ആധുനിക സജ്ജീകരണങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇരിട്ടി മുനിസിപ്പാലിറ്റിക്കു പുറമെ മലയോര മേഖലയിലെ പഞ്ചായത്തുകളായ ഉളിക്കൽ, പടിയൂർ, പായം, മുഴക്കുന്ന്, തില്ലങ്കേരി എന്നിവിടങ്ങളിൽ നിന്നും പട്ടിക വർഗ്ഗ മേഖലയായ ആറളം, അയ്യൻകുന്ന് എന്നീ പഞ്ചായത്തുകളിൽ നിന്നുമുള്ള ആളുകൾക്ക് ആശ്രയിക്കാവുന്ന ആരോഗ്യ സ്ഥാപനമായി മാറുകയാണ് ഇരിട്ടി താലൂക്ക് ആശുപത്രി.