സർവേകൾ പറയുന്നത്… മറയ്ക്കാനാവാത്ത നേരുകൾ ചിലത്

0
83

-കെ വി –

എന്തിനാണീ തെരഞ്ഞെടുപ്പ് പൂർവ സർവേകൾ …? വാർത്താമാധ്യമങ്ങളുടെ വയറ്റുപിഴപ്പിന് . അതാണ് ഒന്നാംതരം ഉത്തരം ; ഒന്നാമത്തേതും. ഉദ്വേഗവും ആവേശവും വിതച്ച് ആളുകളെ വലവീശിപ്പിടിക്കൽ മാധ്യമറേറ്റിങ് ഉയർത്തലിന് ഒഴിച്ചുകൂടാത്തതാണ്. സർവേ നടത്തുന്നവരുടെ രാഷ്ട്രീയ ഗൂഢതാല്പര്യമാണ് രണ്ടാമത്തേത്.

സാധാരണക്കാർ തള്ളിക്കളയാനിടയുള്ളവ പെരുപ്പിച്ചും ഗൗരവത്തിലെടുക്കുന്നവ നിസ്സാരവൽക്കരിച്ചും തങ്ങളുടേതായ വേറിട്ടൊരു പൊതുസമ്മതി അവർക്ക് ഉല്പാദിപ്പിക്കണം. പ്രത്യക്ഷത്തിൽ ചായ് വ് ഇടതുപക്ഷത്തോടെന്ന് തോന്നിപ്പിച്ചുകൊണ്ടുതന്നെ വലതുമുന്നണിയെ സഹായിക്കണം. അതായത് സ്വപക്ഷത്തെ തൊട്ടുണർത്തി ജാഗ്രതപ്പെടുത്തണം.

പോരായ്മകൾ നികത്താനുള്ള ഉപദേശം നൽകണം ; ഒപ്പം കേന്ദ്രീകരിക്കേണ്ട ചർച്ചാവിഷയങ്ങൾ സംബന്ധിച്ച സൂചനയും കൊടുക്കണം… എന്നിട്ടും എൽ ഡി എഫിനോടുള്ള ജനകീയ ഇഷ്ടം പ്രവചനത്തിൽ കലർന്നുപോവുന്നതോ – അത് വിശ്വാസ്യത ജനിപ്പിക്കാനുള്ള മുന്തിയ തന്ത്രമാണ്. എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും മുഴച്ചുനിൽക്കുന്ന ചില സത്യങ്ങളുണ്ട്. അത് പറയാതിരുന്നാൽ സർവേ റിപ്പോർട്ട് മൊത്തത്തിൽ പൊളിയും . അത് പറ്റില്ലല്ലോ.

മലയാളത്തിലെ മുഖ്യധാര വാർത്താമാധ്യമങ്ങളിൽ മിക്കവയും കടുത്ത ഇടതുപക്ഷ വിരോധമുള്ളവയാണ്. യു ഡി എഫ് ഘടകകക്ഷികളുടെ മുഖപത്രങ്ങളായ ചന്ദ്രികയും വീക്ഷണവും ഗുണം പിടിക്കാത്തതുതന്നെ അവയെ നിഷ്പ്രഭമാക്കുന്ന യു ഡി എഫ് കൂറ് മലയാള മനോരമയും മറ്റും പുലർത്തുന്നതുകൊണ്ടാണല്ലോ. ഇപ്പോഴാകട്ടെ മൗദൂദിസ്റ്റ് “മാധ്യമ ” വും കമ്യൂണിസ്റ്റ് വിരുദ്ധജ്വരത്തിൻ്റെ തീവ്രതയിലാണ്.

24 വാർത്താ ചാനലും ഏഷ്യാനെറ്റ് ന്യൂസും യാഥാസ്ഥിതിക ഹിന്ദുത്വ മണ്ഡലത്തിലാണ് സ്വീകാര്യതയ്ക്കുവേണ്ടി ഒരേപോലെ മത്സരിക്കുന്നത് . വാർത്താ അവതരണ രീതികളിലും ചർച്ചകളിലുമെല്ലാം ഈ സമാനത കാണാം. മകാരാദി ചാനലുകൾ എൽ ഡി എഫിനെ ഇകഴ്ത്തിക്കാട്ടാൻ അവലംബിക്കാത്ത അടവുകളില്ല. അവയിലെ ആങ്കർ ജഡ്ജിമാർ ഏതറ്റംവരെയും തരംതാഴുമെന്നതിനും തെളിവുകൾ ഏറെ .

സ്വതന്ത്രഏജൻസികളെ നിയോഗിച്ച് നടത്തുന്നതെന്ന് അവകാശപ്പെടുന്ന സർവേകളിലും ഇത്തരം ചാനലുകൾ കൈകടത്തുമെന്നുറപ്പാണ്. അതിനാൽ സർവേ നിഗമനങ്ങൾക്ക് അത്ര വലിയ ആധികാരികത കല്പിക്കുന്നതിൽ അർത്ഥമില്ല.

ഒറ്റ ഉദാഹരണം മതി കള്ളക്കളി മനസ്സിലാക്കാൻ. സർവേഫലം ബന്ധപ്പെട്ട ചാനൽ ന്യൂസ് റൂമിൽ തയ്യാറാക്കിവരുന്നതിനിടയ്ക്കാണ് കഴിഞ്ഞ ആഴ്‌ച മെട്രോമാൻ രാഷ്ട്രീയത്തിലേക്ക് ചാടിയിറങ്ങിയത്. ബി ജെ പിയിൽ അന്ത്യസേവനപർവം പൂർത്തിയാക്കുമെന്ന് പറഞ്ഞതിനും ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിപദപ്പൂതി പങ്കുവെച്ചത്.

എന്നാൽ അതിനുംമുമ്പേ സർവേ നടത്തിയവർ ഇ ശ്രീധരനും നൽകി ജനനേതാക്കൾക്കൊപ്പം അഭിപ്രായ ചാൻസ്…! മലയാള സിനിമയിലെ മുടിചൂടാമന്നനായിരുന്ന നിത്യഹരിത നായകൻ പ്രേംനസീറിനെപ്പോലും ഇരുത്തിക്കളഞ്ഞ രാഷ്ട്രീയപ്രബുദ്ധതയുള്ള മണ്ണാണ് കേരളത്തിലേത്. ഇവിടെയാണ് ഇന്നലെ പശുപക്ഷ രാഷ്ട്രീയത്തിൻ്റെ കാവിക്കുപ്പായമണിഞ്ഞ ടെക്നോക്രാറ്റിന് സർവേക്കാർ പാസ് മാർക്ക് നൽകുന്നത്…!

സംസ്ഥാനത്ത് സജീവ രാഷ്ട്രീയത്തിലുള്ള ജനനേതാക്കളിൽ എല്ലാ നിലയ്ക്കും ഏറ്റവും ഉയർന്ന ജനസമ്മതിയുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സർവേയിൽ സ്ഥിരീകരിച്ചത് ശരിതന്നെ. കൊടിയ പ്രളയത്തിൻ്റെയും കോവിഡ് മഹാമാരിയുടെയും ദുരിതദിനങ്ങളിൽവരെ പട്ടിണിയെ പടിയകറ്റി കേരളത്തെ കാത്തുസംരക്ഷിച്ച ആ ജനനായകനോടുള്ള അളവറ്റ കൂറും കടപ്പാടും സാധാരണക്കാരുടെ ഉള്ളിലുണ്ട്.

മക്കളോ ബന്ധുക്കളോപോലും അടുത്തില്ലാതെ ഒറ്റപ്പെട്ട് അഗതികളായി കഴിയേണ്ടിവന്ന എത്രയോ പേർക്ക് അക്കാലത്ത് പിണറായി വിജയൻ മുഖ്യമന്ത്രി മാത്രമായിരുന്നില്ല, തങ്ങളുടെ നാടിൻ്റെ, ജീവൻ്റെ രക്ഷകൻകൂടിയായിരുന്നു.

ഗ്രാമ- നഗരഭേദമന്യേ അന്ന് പ്രാദേശികതലത്തിൽ തുടങ്ങിയ കമ്യൂണിറ്റി കിച്ചണുകൾ മനുഷ്യപ്പറ്റുള്ളവർക്ക് ഒരിക്കലും മറക്കാനാവില്ല. അതിഥിത്തൊഴിലാളികൾക്കെന്നപോലെ ആരോരുമില്ലാത്തവർക്കും ഈ സാമൂഹിക അടുക്കളകൾ സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നു. ഇന്ത്യയിൽ മറ്റേത് സംസ്ഥാനത്തുണ്ട് ഇതേപോലൊരു മാതൃക ചൂണ്ടിക്കാട്ടാൻ…!

കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലും ജീവിതത്തിൻ്റെ നാനാതുറകളിൽ കഴിയുന്നത്ര ആശ്വാസമെത്തിച്ച ജനക്ഷേമ നടപടികളോടുള്ള അതിരറ്റ അനുഭാവം… സർക്കാർ ഇതാ ഒപ്പമുണ്ട് എന്ന് ബോധ്യപ്പെടുത്തി ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പിണറായി മന്ത്രിസഭയോടുള്ള മമത. ജനങ്ങളാകെ പൊറുതിമുട്ടിക്കഴിഞ്ഞ നാളുകളിൽപോലും നിരുത്തരവാദിത്തം കാട്ടിയ പ്രതിപക്ഷത്തോടുള്ള അവമതിപ്പ്.

വീട്, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യു തിവെളിച്ചം, കുടിവെള്ളം , സഞ്ചാര സൗകര്യത്തിനുള്ള പാതകൾ എന്നീ അടിസ്ഥാന ജീവിതാവശ്യങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനകം കൈവരിച്ച അതുല്യനേട്ടങ്ങൾ… ഏത് സർവേക്കാർക്കാണ് ഇവയെല്ലാം എഴുതിത്തള്ളാൻ കഴിയുക. നാട്ടിൽ ഓരോരുത്തരും നേരിട്ടനുഭവിച്ചറിയുന്ന ഈ ഭരണമികവിൻ്റെ സൽക്കീർത്തി മുക്കിക്കളയാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അതിവർഷംകൊണ്ടാവില്ല.