ഡല്‍ഹി വംശീയ അതിക്രമത്തിന് ഒരാണ്ട്; ഇനിയും കലാപം നടത്തുമെന്ന് ഭീഷണിയുമായി ബിജെപി നേതാവ് കപില്‍ മിശ്ര

0
56

ഡല്‍ഹി കലാപത്തിന് ഒരാണ്ട് തികയുന്ന വേളയില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് കപില്‍ മിശ്ര. ഫെബ്രുവരി 23ന് ചെയ്തത് എന്താണോ വേണ്ടിവന്നാല്‍ അതുതന്നെ വീണ്ടും ചെയ്യുമെന്ന് കപില്‍ മിശ്ര പറഞ്ഞു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള ഡല്‍ഹി റയറ്റ്‌സ്: ദി അണ്‍ ടോള്‍ഡ് സ്റ്റോറി എന്ന പുസ്തകത്തിന്റെ ചര്‍ച്ചയിലായിരുന്നു മിശ്രയുടെ പ്രകോപന പ്രസ്താവന.

ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ അങ്കിത് ശര്‍മ്മയേയും കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിനേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നതിനപ്പുറം ഒരു ഖേദവുമില്ലെന്നും കപില്‍ മിശ്ര പറഞ്ഞു. കലാപത്തില്‍ ഇരുവരും കൊല്ലപ്പെട്ടിരുന്നു. ജിഹാദി ശക്തികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കലാപം നടത്തിയിട്ട് ഒരു വര്‍ഷമായിരിക്കുന്നു, ഇതുപോലത്തെ സംഭവങ്ങള്‍ ഇന്നും നടക്കുന്നുണ്ട്, റിപ്പബ്ലിക് ദിനത്തില്‍ സംഭവിച്ചതും അതാണ്. ഇന്ത്യാവിരുദ്ധ ശക്തികളുടെ നേതൃത്വത്തില്‍ ഇപ്പോഴും ചില ദുഷ്ടശക്തികള്‍ തലസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കപില്‍ മിശ്ര പറഞ്ഞു.

കലാപത്തില്‍ ഇരകളായ ഹിന്ദുക്കളെ ഞങ്ങള്‍ സഹായിച്ചിട്ടുണ്ട്, മറുവശത്തെ എന്തുകൊണ്ടാണ് സഹായിക്കാത്തതെന്ന് ചോദിച്ചിരുന്നു, വഖഫ്‌ബോര്‍ഡും ഡല്‍ഹി സര്‍ക്കാരും പിന്നെ മാധ്യമങ്ങളും അവര്‍ക്ക് പിന്നിലുള്ളതുകൊണ്ടാണതെന്നും കപില്‍ മിശ്ര പറഞ്ഞു.

പൗരത്വനിയമഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ നടന്ന സമാധാനപരമായ പ്രതിഷേധം കലാപമായി മാറിയത് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗങ്ങളായിരുന്നു. പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കില്‍ ബാക്കി ഞങ്ങള്‍ നോക്കാം എന്ന കപില്‍ മിശ്രയുടെ പരാമര്‍ശമാണ് ഡല്‍ഹിയെ കലാപത്തിലേക്ക് തള്ളിവിട്ടത്. കപില്‍ മിശ്രയുടെ വീഡിയോ സമൂഹാമധ്യമങ്ങളില്‍ പ്രചരിച്ചതിന് തൊട്ടടുത്ത ദിവസാണ് ഡല്‍ഹി അക്രമത്തിലേക്ക് പോയതും. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോണിക്ക അറോറ, സോണാലി ചിതല്‍കര്‍, പ്രേരണ മല്‍ഹോത്ര എന്നിവര്‍ എഴുതിയ പുസ്തകമാണ് ഡല്‍ഹി റയറ്റ്സ് 2020; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി. പുസ്തകം സത്യത്തെ മറച്ചുപിടിച്ച് കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.