പ്രവാസി ഇന്ത്യക്കാർക്കും ഇനി വോട്ട് ചെയ്യാം

0
70

പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റിനു പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാത്‌പര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികൾക്ക് ഇലക്‌ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റൽ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം എത്രയും വേഗം ഏർപ്പെടുത്തുന്നതു സജീവപരിഗണനയിലാണെന്ന് കമ്മിഷൻ വാർത്താക്കുറിപ്പും ഇറക്കി. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി വരുകയാണെന്നും കമ്മിഷൻ വ്യക്തമാക്കി.

കമ്മിഷന്റെ പ്രതികരണം പ്രതീക്ഷാജനകമെന്നും ഈ വർഷം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളിൽ പ്രവാസി പോസ്റ്റൽ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഗൾഫ് ഇതര രാജ്യങ്ങളിലെ പ്രവാസികൾക്ക് മാത്രം പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഷംഷീർ സർക്കാരിനെയും കമ്മിഷനെയും സമീപിച്ചത്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തിൽനിന്ന് ഒഴിവാക്കാൻ പറയുന്ന വാദങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായുള്ള ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

നാട്ടിൽ പോകാതെതന്നെ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഗൾഫ് രാജ്യങ്ങളിൽ നിലവിൽ അനുമതിയുള്ളതിനാൽ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിട്ടുള്ള ആശങ്കയിൽ അടിസ്ഥാനമില്ലെന്ന് ഷംഷീർ പറഞ്ഞു. 18,22,173 ഫിലിപ്പീൻസ് സ്വദേശികൾ യു.എ.ഇ.യിൽ നിന്നു വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൽ സുപ്രീംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ ഹാരിസ് ബീരാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.