തുറമുഖങ്ങളിൽ 34.17 കോടിയുടെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0
75

മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നിലപാടിൽ സർക്കാർ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലെ 34.17 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നർവഹിക്കുകയായിരുന്നു അദ്ദേഹം.

ആഴക്കടൽ മത്സ്യബന്ധനത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയാണ് സർക്കാർ. ആരോപണങ്ങളുടെ പുറകെ പോകാനല്ല മറിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രദ്ധവയ്ക്കുന്നത്.

ആഗോളവത്കരണത്തിനെതിരെ ബദൽ സമീപനം സ്വീകരിച്ച് സർവതല സ്പർശിയും സാമൂഹ്യ നീതിയിൽ അധിഷ്ഠിതവുമായ സമഗ്ര വികസനമാണ് സർക്കാർ യാഥാർത്ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബേപ്പൂർ തുറമുഖത്ത് ഭൂമി ഏറ്റെടുക്കലും സ്ഥിരം ഇ.ഡി.ഐ സംവിധാനവുമാണ് ഉദ്ഘാടനം ചെയ്തത്. തുറമുഖ വികസനത്തിന് 3.85 ഏക്കർ ഭൂമി 28 കോടി രൂപ നൽകിയാണ് ഏറ്റെടുത്തത്.

വിദേശ കപ്പലുകൾക്ക് ചരക്ക് നീക്കം സുഗമമാക്കാനാണ് 32 ലക്ഷം രൂപയുടെ സ്ഥിരം ഇലക്ട്രോണിക് ഡാറ്റ ഇന്റർഫെയ്സ് സ്ഥാപിച്ചത്.

കൊല്ലം തങ്കശേരി തുറമുഖത്ത് ജലവാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനായി 3.90 കോടി രൂപ ചെലവഴിച്ചാണ് മെക്കാനിക്കൽ എൻജിനിയറിങ് വർക്ക്‌ഷോപ്പ് നിർമിച്ചത്.

1.21 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആലപ്പുഴ മാരിടൈം ട്രെയിനിംഗ് സെന്ററിൽ വിനോദ സഞ്ചാര ബോട്ടിനും മത്സ്യതൊഴിലാളികൾക്കും ആവശ്യമായ വിവിധ ലൈസൻസുകൾക്കുള്ള പരിശീലനം നൽകും. വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിങ് ഫെസിലിറ്റേഷൻ സെന്ററാണ് ഉദ്ഘാടനം ചെയ്തത്.