പൊതുവിദ്യാഭ്യാസ സംവിധാനത്തിന് യൂനിസെഫിന്റെ അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമെന്ന് വിദ്യാഭ്യാസ മന്ത്രി

0
123

പൊതുവിദ്യാഭ്യാസ സംവിധാനത്തിന് യൂനിസെഫിന്റെ അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. കോവിഡ് കാലത്ത് എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ച സർക്കാരിന്റെ സംഘാടക മികവിനെയാണ് യൂനിസെഫ് പ്രശംസിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലൻജ്ഡ് സെന്ററിൽ പുതുതായി നിർമിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തരത്തിൽ പൊതുജനങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന വികസനം സമസ്ത മേഖലകളിലും ഈ സർക്കാരിനു കൊണ്ടുവരാൻ സാധിച്ചത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും സഹായം അർഹിക്കുന്ന, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസ പദ്ധതികൾക്ക് മതിയായ പ്രാധാന്യം കൊടുക്കുന്നതിനും ഈ മേഖലയിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമാണ് പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലൻജ്ഡ് സെന്റർ പ്രവർത്തിക്കുന്നത്.

4.81 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്. ഇതിനു പുറമെ 37.70 ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന മഴവെള്ളസംഭരണിയുടെയും ചുറ്റുമതിലിന്റെയും പണികൾ പുരോഗമിക്കുന്നു. ഇതിനോടൊപ്പം പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒന്നാംഘട്ടമായി 69.35 ലക്ഷം രൂപ ചെലവഴിച്ചു പൂർത്തീകരിച്ചു. രണ്ടാം ഘട്ടപ്രവർത്തനത്തിനായി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു.