പട്ടികജാതി പട്ടികവർഗ വിഭാഗ മേഖലയിൽ സമഗ്ര പുരോഗതിയുണ്ടാക്കാനായി: മന്ത്രി എ.കെ. ബാലൻ

0
90

പട്ടികജാതി പട്ടികവർഗ വിഭാഗ മേഖലയിൽ വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ മേഖലകളിൽ ഒരിക്കലും കാണാത്ത പുരോഗതിയാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം ഉണ്ടായതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന, നിയമ, സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് വീടിനോട് ചേർന്ന് പഠനമുറി അനുവദിച്ചു. 22,035 പഠനമുറികളുടെ നിർമ്മാണത്തിനാണ് ധനസഹായം അനുവദിച്ചത്. ഇതിൽ 13,922 പഠനമുറികൾ പൂർത്തിയായി.

പട്ടികവർഗ മേഖലയിൽ സാമൂഹ്യ പഠനമുറികളും അനുവദിച്ചു. സർക്കാർ അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസ ആനുകൂല്യങ്ങളിൽ കുടിശ്ശിക ഉണ്ടായിരുന്ന 189 കോടി രൂപ കൊടുത്തു തീർത്തതായും മന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ സ്ത്രീ ശാക്തികരണ രംഗത്തും മികച്ച ഇടപെടലുകളാണ് സർക്കാർ നടത്തിയത്. വാത്സല്യ നിധി പദ്ധതി പ്രകാരം പെൺകുട്ടി ജനിച്ച് 18 വയസ്സ് ആകുമ്പോൾ മൂന്ന് ലക്ഷം രൂപ ലഭിക്കും. ഒരു കുട്ടിയുടെ ഇൻഷുറൻസ് പ്രീമിയമായി 1,38,000 രൂപയാണ് സർക്കാർ നൽകുന്നത്.

പട്ടികവർഗ യുവതികൾക്ക് ആധുനിക വസ്ത്ര നിർമ്മാണത്തിൽ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിന് അട്ടപ്പാടി, വയനാട് എന്നിവിടങ്ങളിൽ അപ്പാരൽ പാർക്ക് ആരംഭിച്ചു. 250 ഓളം യുവതികൾക്കാണ് ഇവിടെ തൊഴിൽ ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം നേടാൻ സർക്കാരിനായി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി. വിഭാഗവും ജനറൽ മെഡിസിൻ ഐ.പിയും ഉദ്ഘാടനം ചെയ്തു.

കമ്മ്യൂണിറ്റി കിച്ചൺ, മില്ലറ്റ് വില്ലേജ് പദ്ധതികളിലൂടെ അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് കുറയ്ക്കാൻ സർക്കാരിനായി. കമ്മ്യൂണിറ്റി കിച്ചണിലൂടെ പ്രതിവർഷം 15,000 ഓളം പേർക്കാണ് പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നൽകുന്ന 100 പ്രവൃത്തി ദിവസങ്ങൾക്ക് പുറമേ സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 100 ദിവസത്തെ തൊഴിൽ കൂടി പട്ടികവർഗക്കാർക്ക് നൽകുന്നതിന് ട്രൈബൽ പ്ലസ് പദ്ധതി ആരംഭിച്ചു. ഇതിലൂടെ 14,432 കുടുംബങ്ങൾക്ക് 14,43,200 തൊഴിൽദിനം അധികമായി നൽകി.

ഗോത്രജീവിക പദ്ധതിയിലൂടെ 1170 പട്ടികവർഗ യുവാക്കൾക്ക് കെട്ടിട നിർമ്മാണ പ്രവൃത്തികളിൽ പരിശീലനം നൽകി. ഇവരെ വിവിധ തൊഴിൽ ഗ്രൂപ്പുകളാക്കി വിവിധ നിർമ്മാണ പ്രവൃത്തികളും ഭവന നിർമ്മാണ ജോലികളും ചെയ്യുന്നതിന് പ്രാപ്തരാക്കിയതായും മന്ത്രി പറഞ്ഞു.

സാംസ്‌കാരിക രംഗത്തും സമാനതകളില്ലാത്ത മാറ്റമാണുണ്ടായത്. നവോത്ഥാന നായകരുടെ സ്മരണയ്ക്കായി ഓരോ ജില്ലയിലും ശരാശരി 50 കോടി രൂപയുടെ സാംസ്‌കാരിക സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്. തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. കലാപഠനം പൂർത്തിയാക്കിയവർക്ക് ഫെലോഷിപ്പ് ഏർപ്പെടുത്തി.

എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഗ്രാന്റ് വർധിപ്പിച്ചു. കലാകാരൻമാർക്കുള്ള പെൻഷൻ 4000 രൂപയായി ഉയർത്തി. ഭാരത് ഭവന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തും നടത്തിയ സാംസ്‌കാരിക പരിപാടികളിലൂടെ നിരവധി പേരെ ആകർഷിക്കാനായെന്ന് മന്ത്രി പറഞ്ഞു.

അഭിഭാഷ ക്ഷേമനിധി ആക്ട് ഭേദഗതി ചെയ്ത് വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷം രൂപയായി വർധിപ്പിച്ചു. അയ്യായിരം രൂപയായിരുന്ന ചികിത്സാ സഹായം ഒരു ലക്ഷം രൂപയാക്കി. അഭിഭാഷക ഗുമസ്ത പെൻഷൻ 2000 രൂപയായി ഉയർത്തിയതായും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.