ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കി

0
98

ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ട്രോളർ നിർമിക്കാൻ ഇഎംസിസിയുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെഎസ്‌ഐഎൻസി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കി. ധാരണാപത്രം ഒപ്പിട്ട സാഹചര്യത്തെക്കുറിച്ച്‌ അന്വേഷിക്കാനും തീരുമാനിച്ചു. ആഭ്യന്തര സെക്രട്ടറിക്കാണ്‌ അന്വേഷണ ചുമതല.

ധാരണാപത്രം നിയമവിരുദ്ധവും സർക്കാർ നയത്തിന്‌ എതിരുമാണെന്ന്‌ കണ്ടെത്തിയതിനാലാണിത്‌. ഇതിന്‌ പിന്നിൽ പ്രവർത്തിച്ച കെഎസ്‌ഐഎൻസി എംഡി എൻ പ്രശാന്ത്‌ അടക്കമുള്ളവർക്കെതിരെ അന്വേഷണവും വന്നേക്കും. മത്സ്യവകുപ്പോ, പൊതുഭരണ, നിയമ വകുപ്പുകളൊ അറിഞ്ഞല്ല ധാരണാപത്രം ഒപ്പിട്ടത്‌. മന്ത്രിമാരും കണ്ടിട്ടില്ല. സംസ്ഥാനത്തിന്‌ എതിരായ ധാരണാപത്രം തിരസ്‌കരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച തന്നെ വ്യക്തമാക്കിയതാണ്‌.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയാണ്‌ ഈ ധാരണപത്രത്തിന്റെ മറവിൽ വ്യാജ പ്രചാരണം നടത്തിയത്‌. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നു ധാരണാപത്രം ഒപ്പിട്ട കെഎസ്‌ഐഎൻസി എംഡി എൻ പ്രശാന്ത്‌. അതിനാൽ ഒപ്പിടുംമുമ്പ്‌ ആവശ്യമായ നടപടിക്രമം അദ്ദേഹം പാലിച്ചിരുന്നോ എന്ന കാര്യവും‌ പരിശോധിക്കും.

കരാർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട്‌ മന്ത്രിക്ക്‌ നൽകിയ നിവേദനമാണ്‌ കരാറായി ചെന്നിത്തല വ്യാഖ്യാനിച്ചത്‌. ഇതിന്‌ പിന്നിലും ദുരൂഹതയുണ്ട്‌. മന്ത്രിക്ക്‌ നൽകിയ നിവേദനത്തിന്റെ കോപ്പി എങ്ങനെ ചെന്നിത്തലയ്‌ക്ക്‌ ലഭിച്ചുവെന്ന് മുഖ്യമന്ത്രിതന്നെ ചോദിച്ചതാണ്‌. അന്വേഷത്തോടെ ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരെ നടന്ന ഗൂഢാലോചന പുറത്ത്‌ വരും.