ലൗജിഹാദ് തടയാൻ നിയമം നിർമ്മിക്കുമെന്നും നാനൂറ് വർഷം പഴക്കമുള്ള അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത് അതേ സ്ഥലത്ത് നിർമ്മിക്കുന്ന ക്ഷേത്രത്തെക്കുറിച്ചും പറഞ്ഞ് കേരളത്തിൽ വോട്ടുനേടാൻ കഴിയില്ലെന്ന് യു പി മുഖ്യമന്ത്രി ആദിത്യ യോഗിനാഥും ബിജെപിയും മനസ്സിലാക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗവും എൽഡിഎഫ് തെക്കൻ മേഖല ജാഥ ക്യാപ്ടനുമായ ബിനോയ് വിശ്വം .പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജാഥ ഉദ്ഘാടനം ചെയ്യാൻ യോഗി ആദിത്യനാഥിനെപോലെയുള്ള ഒരാളെ കൊണ്ടുവരാനുള്ള നീക്കം ബോധപൂർവ്വമാണ്. ദളിതരെ കൂട്ടക്കൊല ചെയ്യുകയും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന സർക്കാരിന്റെ തലവനാണ് യോഗി ആദിത്യനാഥ്. ഫാസിസത്തിന്റെ ആധിപത്യം കേരളത്തിലും കൊണ്ടുവരാനുള്ള ഗൂഢ നീക്കമാണ് ഇതിലൂടെ ബിജെപി നടത്തുന്നത്.
പ്രായപൂർത്തിയായവരുടെ പ്രണയത്തിൽ മതം ഘടകമാകരുതെന്നാണ് നമ്മുടെ നിലപാട്. പ്രണയത്തിന്റെ അടിസ്ഥാനം മതമാകണമെന്നാണ് ആദിത്യനാഥ് പറയുന്നത്. ഇതാണ് യുപിയും കേരളവും തമ്മിലുള്ള വ്യത്യാസം.
രാമക്ഷേത്രശിലാ പൂജയിൽ സന്യാസിമാരെ കാഴ്ചക്കാരാക്കി പ്രധാനമന്ത്രി പൂജയുടെ നേതൃത്വം ഏറ്റെടുത്തത് രാഷ്ട്രത്തിന്റെ മതമായി ഹിന്ദുമതത്തെ വാഴ്ത്താനുള്ള ആർഎസ്എസ് ശ്രമത്തിന്റെ ഭാഗമാണ്. ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും കോൺഗ്രസ്സ് അരക്ഷരം മിണ്ടിയില്ല.
യുഡിഎഫിന്റെ ജാഥ സമാപിച്ചപ്പോൾ തന്നെ ബിജെപി ജാഥ ആരംഭിച്ചതും ഒരേ തീരുമാനത്തിന്റെ ഫലമാണ്. എൽഡിഎഫ് വിരോധവും കള്ളപ്രചാരണങ്ങളുമാണ് ഇരുജാഥകളുടെയും ലക്ഷ്യം.
സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായി രൂപംകൊള്ളുന്ന ജനപിന്തുണ യുഡിഎഫ് – ബിജെപി ക്യാമ്പുകളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. എൽഡിഎഫ് തുടർ ഭരണം വേണമെന്ന ആവശ്യം ജനങ്ങളുടെ ഹൃദയമിടിപ്പായി മാറിക്കഴിഞ്ഞു. ഇതോടെ എന്ത് നുണപ്രചാരണങ്ങൾക്കും ഇരുവരും തയ്യാറാകും.
ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ എൽഡിഎഫ് നയമാണ് സംസ്ഥാന സർക്കാരിനുള്ളത്. ആ നയം നിലനിൽക്കുവോളം ഒറ്റ മീനും വിദേശ കമ്പനി കേരള തീരത്തുനിന്നും പിടിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഉദ്യോഗാർത്ഥി സമരത്തിന്റെ പേരിൽ യുഡിഎഫ് കലാപത്തിന് ശ്രമിക്കുകയാണെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ പറഞ്ഞു. പിഎസ് സി നിയമനം നിയമപരമായി നടക്കും.
ഇന്ധനത്തിന്റെ അധിക തീരുവ കേന്ദ്ര സർക്കാരാണ് കുറക്കേണ്ടത്. ഇന്ധന വിലനിർണ്ണയത്തിനുള്ള അവകാശം എണ്ണകമ്പനികളിൽ നിന്നും എടുത്ത് മാറ്റണമെന്ന് ആരും ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ആഴക്കടൽ മത്സ്യബന്ധനത്തിന്റെ ഭാഗമായുള്ള ഇപ്പോഴത്തെ വിവാദം പുതിയ ആരോപണങ്ങളുടെ ഭാഗമാണ്. ഈ മേഖലയിൽ മൂലധന ശക്തികളെ ഒഴിവാക്കണമെന്നുതന്നെയാണ് എൽഡിഎഫ് നയം. ആരെങ്കിലുമായി ചർച്ചകൾ നടത്തുവാൻ കഴിയില്ലെന്നു പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവരും പത്രസമ്മേളനത്തിൽ പ ങ്കെടുത്തു.