കേരളത്തിൻ്റെ വിഭ്യാഭ്യാസ മേഖല കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല കേരളത്തിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുകയാണ്.
ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ആഗോളനിലവാരം ഉറപ്പാക്കുന്ന തരത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു അത്യാധുനിക സ്ഥാപനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കേരളാ യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി’ എന്ന പേരില്‍ കേരളാ ഡിജിറ്റല്‍ സര്‍വകലാശാലക്ക് രൂപം കൊടുത്തിരിക്കുന്നത്.
ഡിജിറ്റല്‍ രംഗത്തെ വിവിധ മേഖലകളില്‍ ബിരുദാനന്തര പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധയൂന്നുന്ന ഒരു സര്‍വകലാശാല എന്ന നിലയില്‍, ഇതിന്‍റെ കര്‍മ്മപരിപാടികളും പ്രവര്‍ത്തനങ്ങളും പഠന-പരിശീലന രംഗങ്ങളിലെ പുതിയ മുന്നേറ്റങ്ങളിലൂടെ വിജ്ഞാനവ്യവസ്ഥയെ കരുപ്പിടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ കാലത്തിനനുസൃതമായി സാങ്കേതിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്നത് പ്രധാനമാണ്. അതിനുതകുന്ന വിധത്തില്‍ ഊര്‍ജസ്വലമായ അക്കാദമിക ഗവേഷണവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി അക്കാദമിക സ്ഥാപനങ്ങള്‍ തമ്മിലും വ്യവസായ രംഗവുമായും ശക്തമായ ബന്ധം സ്ഥാപിക്കാനാണ് ഈ സര്‍വകലാശാലയിലൂടെ സാധിക്കും.
വിവര സാങ്കേതിക രംഗത്തെ മികവിന്‍റെ കേന്ദ്രമായി കേരള സര്‍ക്കാര്‍ രണ്ടു പതിറ്റാണ്ട് മുന്‍പ് സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കേരളയുടെ പദവി ഉയര്‍ത്തിയാണ് നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിച്ചിരിക്കുന്നത്. വിജ്ഞാനവ്യവസ്ഥയുടെ ബഹുതലസ്പര്‍ശിയായ ഒരു പഠനാന്തരീക്ഷം ഒരുക്കുന്നതിന് ഇത് സഹായകമാവും.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വികസനവും പ്രയോഗവത്കരണവും സാമൂഹ്യപുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് ഈ സര്‍വകലാശാലയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ആഗോളനിലവാരം ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെ, തുടക്കത്തില്‍ 5 വിഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റല്‍ രംഗത്തെ ശാസ്ത്ര-സാങ്കേതിക-മാനവിക വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യാനാവുന്ന വിധത്തില്‍ സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആന്‍ഡ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് ലിബറല്‍ ആര്‍ട്സ് എന്നിങ്ങനെയാണ് 5 വിഭാഗങ്ങള്‍.
നാടിന്‍റെ പൊതുതാല്‍പര്യങ്ങള്‍ക്ക് അനുഗുണമാകുന്ന തരത്തില്‍ അപ്ലൈഡ് റിസര്‍ച്ച് പിന്തുടരുന്നതിനു പുറമെ, നാലാം വ്യാവസായിക വിപ്ലവമുന്നേറ്റത്തിന് അനുസൃതമായി കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്സ്, അപ്ളൈഡ് ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ സംബന്ധിയായ മാനവിക വിഷയങ്ങള്‍ എന്നിവ ആസ്പദമാക്കി ബിരുദാനന്തരബിരുദ പഠന സൗകര്യങ്ങളൊരുക്കും.
മുന്‍നിര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ആദിമ പഠിതാക്കളെയും പുനര്‍ പഠിതാക്കളെയും ഉദ്ദേശിച്ചുള്ള നിരവധി പരിപാടികള്‍ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ സര്‍വകലാശാലയുടെ മറ്റൊരു പ്രധാന പ്രവര്‍ത്തനമേഖല രൂപകല്‍പന, ബോധനവിദ്യ, മൂല്യനിര്‍ണയം തുടങ്ങിയ രംഗങ്ങളിലെ സാങ്കേതികവിദ്യയുടെ പ്രയോഗവല്‍കരണമാണ്. ഇതിനായി അന്തര്‍ദേശീയ പ്രശസ്തമായ പഠന-ഗവേഷണ-വ്യവസായ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേര്‍ണിങ്, സൈബര്‍ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ബയോ കമ്പ്യൂട്ടിങ്, ജിയോസ്പേഷ്യല്‍ അനലിറ്റിക്സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പഠനകേന്ദ്രങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ഡിജിറ്റല്‍ സാങ്കേതികരംഗത്തെ അത്യാധുനിക മേഖലകളില്‍ പ്രാഗല്‍ഭ്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിലൂടെ കേരളത്തിന്‍റെ വിജ്ഞാനവ്യവസ്ഥയില്‍ പരമപ്രധാനമായ പങ്കുവഹിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലക്ക് കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. പരമ്പരാഗത ബിരുദാനന്തര-ഡോക്ടറല്‍ വിദ്യാഭ്യാസ പരിപാടികള്‍ക്ക് പുറമെ, നിലവിലുള്ള മാനവവിഭവശേഷിയുടെ ശാക്തീകരണത്തിനായുള്ള ഹ്രസ്വകാല നൈപുണ്യവികസന പരിപാടികള്‍ക്കും ദീര്‍ഘകാല ഡിപ്ലോമാ പരിപാടികള്‍ക്കും ഈ സര്‍വകലാശാല ഊന്നല്‍ നല്‍കും.
ഇന്ന് പ്രാധാന്യമേറിവരുന്ന ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, സൈബര്‍ സെക്യൂരിറ്റി, ഇ-ഗവെര്‍ണന്‍സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകള്‍ ഇവയില്‍ ചിലത് മാത്രമാണ്. 2021ലെ ബജറ്റില്‍ കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷന് ചുക്കാന്‍ പിടിക്കുന്നതിനുള്ള ചുമതലയും ഈ സര്‍വകലാശാലക്കാണ്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കാന്‍ ഈ ദൗത്യത്തിലൂടെ കഴിയണം.
തിരുവനന്തപുരത്ത് മംഗലപുരത്തുള്ള ടെക്നോസിറ്റിയിലെ 10 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ ആസ്ഥാനം സ്ഥാപിതമായിരിക്കുന്നത്. ഒന്നാം ഘട്ടമായി അക്കാദമിക് ബ്ലോക്കിന്‍റെയും ഹോസ്റ്റല്‍ ബ്ലോക്കിന്‍റെയും പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ലക്ഷ്യമിടുന്ന മൊത്തം സംവിധാനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 1200 പേര്‍ക്ക് ക്യാമ്പസ്സില്‍ താമസിച്ചു പഠിക്കാനാവും.
സര്‍വകലാശാലയുടെ മറ്റു പരിപാടികളുമായി ബന്ധപ്പെട്ട പഠിതാക്കള്‍ക്ക് പുറമെയാണിത്. കേരളത്തെ വിജ്ഞാന അധിഷ്ഠിതമായ ഒരു സമൂഹമായി മാറ്റിത്തീര്‍ക്കാനുള്ള ഒരു മാര്‍ഗരേഖ ഇക്കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ചിരുന്നു.
കേരളത്തിന്‍റെ ബൃഹത്തായ മാനവശേഷിയെ കാലോചിതമായി പരിഷ്കരിച്ച് വിജ്ഞാന മേഖലയില്‍ എങ്ങനെ കേരളത്തിന് നേതൃത്വത്തിലെത്താം എന്നത് ഇന്നത്തെ കാലഘട്ടത്തില്‍ നാം പരമപ്രാധാന്യം കൊടുക്കേണ്ട ചിന്തയാണ്.
അതിനായുള്ള ഉദ്യമത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളത്. ഈ ഡിജിറ്റല്‍ സര്‍വകലാശാലയിലുടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും അതുതന്നെയാണ്.