നാദാപുരത്ത് വോളിബോള്‍ കളിച്ചുമടങ്ങവേ യുവാവിനെ തട്ടിക്കൊണ്ടുപോയി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

0
120

ഒരാഴ്ചക്കുള്ളില്‍ നാദാപുരം മേഖലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്ത് നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ന് യുവാവിനെ അജ്ഞാതസംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്നാസ് (30) നെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം റാഞ്ചിയത്.

അരൂര്‍ എളയിടത്ത് സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കാണാനെത്തിയതായിരുന്നു അജ്നാസ്. മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അജ്നാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് മര്‍ദനമേറ്റു. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടയില്‍ രണ്ടാമത്തെ സംഭവമാണിത്.

കഴിഞ്ഞ 13ന് ആണ് തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യവസായി എം.ടി.കെ.അഹമ്മദിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസത്തിനു ശേഷം രാമനാട്ടുകരക്കടുത്ത് ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളയുകയായിരുന്നു. ഈ സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് വീണ്ടുമൊരു തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്.