അക്രമം അഴിച്ചുവിട്ട് ഭരണത്തുടർച്ച ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് യു ഡി എഫ് നടത്തുന്നത്: എ വിജയരാഘവൻ

0
74

സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് ഭരണത്തുടർച്ച ഇല്ലാതാക്കാനുള്ള ​ഗൂഢാലോചനയിലാണ് യുഡിഎഫ് എന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. അക്രമത്തിന് പിന്നിൽ കൃത്യമായി ആസൂത്രണമുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ഇത്തരത്തിൽ ഗൂഢനീക്കം നടക്കുന്നു.

എന്നാൽ അതൊന്നും വിലപോകില്ലെന്നും പൊലീസിന് നേരെ അക്രമം നടത്തി ആസൂത്രിതമായ കലാപം ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും എ വിജയരാഘവൻ വ്യക്തമാക്കി. കൊയിലാണ്ടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമവും ക്രിമിനൽ പ്രവർത്തനവും നടത്തുന്ന ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റുന്നവരായി കോൺഗ്രസ് നേതാക്കൾ മാറികഴി‍ഞ്ഞു .തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ചോരപ്പുഴ ഒഴുക്കാനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്. യു ഡി എഫ് അക്രമത്തിൻ്റെ പാത വെടിയണം. അക്രമപ്പേക്കൂത്തിൽ നിന്ന് പിൻമാറി ജനാധിപത്യ രീതിയിലേക്ക് യുഡിഎഫ് വരണം. അതിനുള്ള നിലപാടും തൻ്റേടവുമാണ് യു ഡി എഫ് കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ പറ്റിക്കുന്ന ഉമ്മൻ‌ചാണ്ടി ഫോർമുല അല്ല പിണറായി സർക്കാരിന്റേത്. സമരത്തിന് പരിഹാരം കാണണമെങ്കിൽ യുക്തിപരമായ ആവശ്യം വേണം ഉയർത്താൻ. ഇത്രയേറെ നിയമനം നടത്തിയ വേറെ ഏത് സർക്കാർ ആണുള്ളത്. എന്നാൽ ഇതൊക്കെ മറച്ചുവെച്ച് അപ്രായോഗിക ആവശ്യം ഉയർത്തിയാൽ അതെങ്ങനെ അംഗീകരിക്കാൻ കഴിയും. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തിയ ചരിത്രം ഉണ്ടോ.

വർഗീയതയോട് കോൺഗ്രസിൻ്റെ നിലപാട് എന്താണ്. പ്രസംഗം വളച്ചൊടിച്ച് ദുർവ്യാഖ്യാനം നടത്തുന്ന ചില മാധ്യമങ്ങൾക്ക് വ്യക്തമായ അജണ്ടയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

പെട്രോൾ വില ഇന്നും കൂട്ടി ജനങ്ങളെ ദ്രോഹിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ഒറ്റ അജണ്ട. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്താൻ ഇടതുപക്ഷം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.