ടൂൾ കിറ്റ് കേസ്: ദിഷ രവിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

0
129

ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ 3 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദില്ലി പട്യാല ഹൗസ് കോടതിയാണ് ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കേസിലുൾപ്പട്ട മറ്റ് ചിലരോടൊപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുള്ളതിനാൽ 3 ദിവസം കസ്റ്റഡിയിൽ വിടണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ വാദം മുഖവിലക്കെടുത്താണ് പാട്യാല ഹൗസ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്.അതേസമയം ദിശ രവിയുടെ ജ്യാമാപേക്ഷ കോടതി നാളെ പരിഗണിക്കും.

നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ദിശ രവിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിൽ മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപിച്ച് നിയമവിദഗ്ധർ രംഗത്തെത്തിയിരുന്നു. അഭിഭാഷകർ ഹാജരാകാത്ത സാഹചര്യത്തിൽ ജുഡിഷ്യൽ കസ്റ്റഡിക്ക് പകരം പൊലീസ് കസ്റ്റഡിയിൽ വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്നും മുതിർന്ന അഭിഭാഷക റബേക്ക ജോൺ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെ ഡൽഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോൺ ചോദിച്ചു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂൾ കിറ്റിന്‍റെ പേരിലുളള അറസ്റ്റ് നിയമവിരുദ്ധമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.