Wednesday
17 December 2025
25.8 C
Kerala
HomeKeralaഡോ. ബാബുക്കുട്ടിക്ക് ആദരം; 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു

ഡോ. ബാബുക്കുട്ടിക്ക് ആദരം; 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും അസ്തി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇ.സി. ബാബുക്കുട്ടിയുടെ (60) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ഇന്‍ഷുറന്‍സ് തുക ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി എന്നിവയുടെ നേതൃത്വത്തിലുള്ള പരിശ്രമ ഫലമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നടപടികള്‍ പാലിച്ച് നേടിക്കൊടുക്കാന്‍ സഹായകരമായത്. ഇതുവരെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം കങ്ങഴയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ബാബുക്കുട്ടി സ്വന്തം ഇച്ഛാശക്തികൊണ്ടു മാത്രമാണ് ഉന്നതവിദ്യാഭ്യാസം നേടി ഉന്നത പദവിയില്‍ എത്തിയത്. ആലപ്പുഴ, കോട്ടയം, തൃശൂര്‍, മഞ്ചേരി, എറണാകുളം എന്നീ മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2017ലാണ് എറണാകുളം മെഡിക്കല്‍ കേളേജില്‍ അസ്ഥിരോഗ വിഭാഗം മേധാവിയായി നിയമിതനായത്. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികല്‍സയിലിരിക്കവെ 2020 നവംബര്‍ 26ന് അന്തരിച്ചു.

ഭാര്യ ഡോ. ജെ. ലത, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ്. ഏകമകന്‍ ഡോ. ദീപക് ബാബു. ഡോ. ഇ.സി. ബാബുക്കുട്ടിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണെന്ന് മന്ത്രി അനുസ്മരിച്ചു

RELATED ARTICLES

Most Popular

Recent Comments