തലസ്ഥാന നഗരിയിൽ കളിക്കളങ്ങളുടെ മുഖം മാറുന്നു ,അന്താരാഷ്ട്ര നിലവാരത്തിൽ ഉയരും

0
60

തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട കളിസ്ഥലങ്ങളും കുളവും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള നടപടിക്ക് തുടക്കം. സ്റ്റേഡിയങ്ങളും കുളവും കൈമാറാൻ കോർപ്പറേഷനും ജില്ലാ സ്പോർട്സ് കൗൺസിലുമായി കരാർ ഒപ്പുവച്ചു.

തിരുവനന്തപുരം നഗരസഭ പരിധിയിൽപ്പെട്ട രണ്ട് കളിസ്ഥലങ്ങളും കുളവും ജില്ലാ സ്പോർട്സ് കൗൺസിലിനു നൽകുന്ന കരാർ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ കൈമാറി. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

കടകംപള്ളി വില്ലേജിലെ ഒരു വാതിൽക്കോട്ടയിലെ കളിസ്ഥലം, ഉള്ളൂർ വില്ലേജിലെ മണ്ണന്തല സ്റ്റേഡിയം, വയമ്പാച്ചിറ കുളം എന്നിവയാണ് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ മൾട്ടി പർപ്പസ്സ് ഇൻഡോർ സ്റ്റേഡിയങ്ങളും നീന്തൽക്കുളവുമാക്കുന്നത്.

ക്രിക്കറ്റ്, ബാഡ്മിന്റൺ, ഹാൻഡ് ബോൾ, ബേസ്ബോൾ കോർട്ടുകൾ, ഫുട്ബോൾ ടർഫുകൾ, ഫിറ്റ്നെസ് സെന്റർ, റസ്റ്റോറന്റ് എന്നിവയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജമാക്കുക. ഇൻഡോർ സ്്റ്റേഡിയത്തിനു പുറത്തായി ക്രിക്കറ്റ് പരിശീലനത്തിനുള്ള സജ്ജീകരണങ്ങളും ക്രമീകരിക്കും. എൺപതോളം പേർക്ക് താമസിച്ച് പിരിശീലനത്തിനുള്ള സംവിധാനങ്ങളും ഉണ്ടാകും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളമാക്കി വയമ്പാച്ചിറ കുളത്തെ വികസിപ്പിക്കും. പത്തോളം ട്രാക്കുകളാണ് ഇവിടെ തയ്യാറാക്കുന്നത്. 600 ഓളം പേർക്ക് താമസ സൗകര്യവും ഇതോടനുബന്ധിച്ച് സജ്ജീകരിക്കും.

കായിക മത്സരങ്ങളോടും പരിശീലനങ്ങളോടുമനുബന്ധിച്ച് തലസ്ഥാന നഗരിയിലെത്തുന്ന കായിക താരങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്റ്റേഡിയത്തിന്റെയും നീന്തൽക്കുളത്തിന്റെയും രൂപകല്പന ബി.എസ്.എൻ.എൽ. എൻജിനീയറിംഗ് വിഭാഗമാണ് ചെയ്തിരിക്കുന്നത്. നൂറ് കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽതുക.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ആന്റ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം വി.സുനിൽകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എ.എം.കെ.നിസാർ, സെക്രട്ടറി സ്മിത ആർ. എന്നിവർ സംബന്ധിച്ചു.