Wednesday
17 December 2025
30.8 C
Kerala
HomeKeralaപാലത്തിങ്ങലിലെ പുതിയ പാലം മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു

പാലത്തിങ്ങലിലെ പുതിയ പാലം മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു

മലപ്പുറം തിരൂരങ്ങാടി-പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മ്മിച്ച പാലത്തിങ്ങല്‍ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന പാലമാണ് പാലത്തിങ്ങലിലേതെന്ന് മന്ത്രി  പറഞ്ഞു.

കോവിഡ് പ്രളയ പ്രതിസന്ധികളെ മറികടന്നാണ് പാലം യാഥാര്‍ത്ഥ്യമായതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.  15 കോടി രൂപ വിനിയോഗിച്ചാണ് പാലത്തിങ്ങലില്‍ പുതിയ പാലം യാഥാര്‍ഥ്യമാക്കിയത്. പാലത്തിങ്ങലില്‍ നടന്ന  ചടങ്ങില്‍ അധ്യക്ഷനായ  പി.കെ അബ്ദുറബ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഉള്‍നാടന്‍ ജലഗതാഗത നിയമം പാലിച്ച് 100.40 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം. 450 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്റ്റ് ഫ്ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട് പ്രകാരമുള്ള നാടുകാണി- പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് തിരൂരങ്ങാടി ചെമ്മാടിനും പരപ്പനങ്ങാടിയ്ക്കുമിടയിലെ പാലത്തിങ്ങലില്‍ പുതിയ പാലം നിര്‍മിച്ചത്. ഇരുകരകളിലുമായി 80 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും സജ്ജീകരിച്ചിട്ടുണ്ട്.

2017 നവംബര്‍ 26 നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പാലത്തിങ്ങലില്‍ പുതിയ പാലത്തിന് തറക്കല്ലിട്ടത്. നിലവിലെ പാലത്തിന്റെ തെക്ക് വശത്തായാണ് പുതിയ പാലം. പാലത്തിന് മൂന്ന് സ്പാനുകളുള്ളത്. നാവിഗേഷന്‍ റൂട്ടുള്ളതിനാല്‍ കാലുകളില്ലാതെ നടുഭാഗം ഉയര്‍ത്തിയാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കായിരുന്നു നിര്‍മാണചുമതല. നിര്‍മാണ പ്രവൃത്തിക്കിടെയുണ്ടായ രണ്ടു പ്രളയങ്ങളും സമ്പൂര്‍ണ്ണ ലോക്ഡൗണും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് തടസ്സമായെങ്കിലും രാപ്പകലില്ലാതെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയായിരുന്നു.

ഇതോടെ ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാലത്തിങ്ങലിലെ പഴയ പാലത്തിലൂടെ കടലുണ്ടി പുഴ മുറിച്ചുകടക്കേണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് അറുതിയായി. പുതിയ പാലത്തിങ്ങല്‍ പാലം ഉദ്ഘാടനം ചെയ്യുന്നതോടെ ബസും ലോറിയും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കും പാലത്തിങ്ങലിലൂടെ സുഗമമായി കടന്നുപോകാനാകും.

RELATED ARTICLES

Most Popular

Recent Comments