Wednesday
17 December 2025
29.8 C
Kerala
HomeKeralaപാചകവാതക വിലവര്‍ധന: 21ന് എല്ലാ ബൂത്തുകളിലും സിപിഐ എമ്മിന്റെ അടുപ്പുകൂട്ടല്‍ സമരം

പാചകവാതക വിലവര്‍ധന: 21ന് എല്ലാ ബൂത്തുകളിലും സിപിഐ എമ്മിന്റെ അടുപ്പുകൂട്ടല്‍ സമരം

ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയ, പാചക വാതകത്തിന്റേയും പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധനവിനെതിരെ ഫെബ്രുവരി 21ന് വൈകുന്നേരം 5 മണിക്ക് അടുപ്പുകൂട്ടല്‍ സമരം സംഘടിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. എല്ലാ ബൂത്തുകളിലും വില വര്‍ദ്ധനവില്‍ പ്രതിഷേധിക്കുന്ന കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് അടുപ്പുകള്‍ കൂട്ടി പാചകം ചെയ്യും.

അധികാരത്തില്‍ വന്നാല്‍ പെട്രോളിന് ലിറ്ററിന് അമ്പതു രൂപയാക്കുമെന്ന് പ്രഖ്യാപിച്ച പാര്‍ടിയാണ് ബിജെപി. 2014ല്‍ 72 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ നൂറു രൂപ കടന്നിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോഴും നികുതി നിരക്കുകള്‍ ഉയര്‍ത്തി വില വര്‍ദ്ധിപ്പിക്കുകയായിരുന്നു മോഡി സര്‍ക്കാര്‍. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ പെട്രോളിന് 2.98 രൂപയും ഡീസലിന് 3.30 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയും ഭക്ഷ്യ വസ്തുക്കളും പാചകം ചെയ്ത് കഴിക്കാന്‍ വലിയ വില നല്‍കേണ്ട അവസ്ഥയാണ് കുടുംബങ്ങള്‍ നേരിടുന്നത്. ഒരു മാസത്തില്‍ മാത്രം മൂന്നു തവണയാണ് പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ചത്.

കോവിഡ് മഹാമാരി കാലത്ത് ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരണം. അടുപ്പുകൂട്ടല്‍ സമരം വിജയിപ്പിക്കാന്‍ സമസ്ത ജനവിഭാഗങ്ങളോടും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

Most Popular

Recent Comments