ആർദ്ര മിഷൻ ആരോഗ്യ രംഗത്തിന്റെ കരുത്ത് : മുഖ്യമന്ത്രി

0
84

ആർദ്ര മിഷൻ ആരോഗ്യ രംഗത്തിന്റെ കരുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ആർദ്രമിഷൻ വഹിച്ച പങ്ക് മഹത്തരമാണ്.

സംസ്ഥാനത്തെ ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമായി. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി.

രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറുമണിവരെ ഒ പി, മൂന്നു ഡോക്ടർമാരുടെ സേവനം, നാല് സ്റ്റാഫ് നേഴ്‌സ് തുടങ്ങിയ പുതിയ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി കൊണ്ടുവന്നു. ആധുനിക ലബോലറ്ററി സൗകര്യം, ശ്വാസ്, ആശ്വാസ് ക്ലിനിക്കുകൾ എന്നിവ സജ്ജമാക്കി.

കോവിഡിന്റെ ആദ്യ പ്രതിസന്ധി സമയങ്ങളിൽ ആരോഗ്യ രംഗത്തെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളായ പ്രാഥമികരോഗ്യ കേന്ദ്രങ്ങളുംമറ്റുമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അണ്ടത്തോട്, മുള്ളൂർക്കര, തോണൂർക്കര, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും കാച്ചേരി, ഗോസായിക്കുന്ന് നഗരകുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.കെ വി അബ്ദുൾഖാദർ എം എൽ എ, നാഗരസഭ കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, ഷീബ ബാബു, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ടി വി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ ഒ പി, രാവിലെ എട്ട് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ ലബോറട്ടറി സംവിധാനം,ആഴ്ചയിൽ രണ്ട് ദിവസം പ്രതിരോധകുത്തിവെയ്പ്പ്, ആശുപത്രി കേന്ദ്രികരിച്ചുള്ള നഴ്‌സിങ് പരിചരണം, സൗജന്യ മരുന്ന് വിതരണം, എല്ലാ വ്യാഴാഴ്ചകളിലും പ്രത്യേക ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്കുകൾ, എല്ലാ ശനിയാഴ്ചകളിലും പ്രത്യേക വയോജന സൗഹാർദ്ദ ക്ലിനിക്കുകൾ എന്നി സേവനങ്ങൾ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും. ഒന്നിടവിട്ട ദിവസങ്ങളിൽ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും.