കർഷകസമരം : വ്യാഴാഴ്ച റെയിൽ തടയൽ വൻവിജയമാക്കാനൊരുങ്ങി കർഷകർ

0
181

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയുന്ന കർഷകർ വ്യാഴാഴ്ച റെയിൽ തടയൽ നടത്താനൊരുങ്ങുന്നു. നാലുമണിക്കൂർ രാജ്യത്തെ റെയിൽ ഗതാഗതം പൂർണമായി സ്‌തംഭിപ്പിക്കുകയാണ്‌ ലക്ഷ്യം.

റെക്കോഡ്‌ ജനപങ്കാളിത്തം ഉറപ്പാക്കാനാണ്‌ കർഷകസംഘടനകളുടെ ശ്രമമെന്നും സമരം രാജ്യവ്യാപകമായി ശക്തിപ്പെടുകയാണെന്ന്‌ സംയുക്ത കിസാൻ മോർച്ച പ്രസ്‌താവനയിൽ പറഞ്ഞു.

ചൊവ്വാഴ്‌ച കർഷകനേതാവായ സർ ഛോട്ടു റാമിന്റെ ജന്മവാർഷിക ദിനം മുൻനിർത്തി രാജ്യവ്യാപകമായി മെഴുകുതിരി മാർച്ചും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചു. മഹാരാഷ്ട്രയിലെ വാർദയിൽ 65 ദിവസമായി തുടരുന്ന സമരത്തിൽ അങ്കണവാടി ജീവനക്കാരടക്കം പങ്കുചേർന്നു.

കർഷകസമരത്തെ പിന്തുണയ്‌ക്കുന്ന പരിസ്ഥിതി പ്രവർത്തകരെയും മറ്റും ദേശദ്രോഹികളായി ചിത്രീകരിച്ച ഹരിയാന മന്ത്രിമാരായ അനിൽ വിജിനെയും ജെ പി ദലാലിനെയും ഉടൻ പുറത്താക്കണമെന്ന്‌ കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഹരിയാനയിലെ കിസാൻ മഹാപഞ്ചായത്തുകൾ ഇതിനായി പ്രമേയങ്ങൾ പാസാക്കി.

ട്രെയിനുകൾ റദ്ദാക്കുന്നു

വ്യാഴാഴ്‌ച റെയിൽ തടയൽ പ്രഖ്യാപിച്ചതോടെ ഉത്തരേന്ത്യയിൽ വ്യാപകമായി ട്രെയിനുകൾ റദ്ദാ​ക്കി. അമൃത്‌സറിൽനിന്ന്‌ ദർബംഗയിലേക്കും നാന്ദെദിലേ‌ക്കുമുള്ള ട്രെയിനുകൾ റദ്ദാക്കി. അമൃത്‌സർ–- മുംബൈ, അമൃത്‌സർ–- കോർബ തുടങ്ങിയ ട്രെയിനുകൾ വഴിതിരിച്ചുവിടും.