BREAKING…വികസനമില്ല, ആലുവ കോൺഗ്രസിൽ കലാപം, അൻവർ സാദത്തിനെ വേണ്ടെന്ന് പ്രവർത്തകർ

0
64

-മനോജ് വാസുദേവ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ആലുവയിൽ പുതുമുഖത്തെ പരിഗണിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്ത്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി നേതൃത്വം കരുതുന്ന ആലുവയിൽ ഇത്തവണ പ്രവർത്തകർ നിലവിലെ എംഎൽഎ അൻവർ സാദത്തിനെതിരെ രംഗത്തുവന്നത് ജില്ലാ കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടുതവണ ആലുവയെ പ്രതിനിധീകരിച്ചിട്ടും ആലുവയുടെ സമഗ്ര വികസനം ഉറപ്പു വരുത്താൻ കോൺഗ്രസ് എംഎൽഎക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾ മാത്രമാണ് ആലുവയിൽ നടപ്പായിട്ടുള്ളത്. അല്ലാതെ എംഎൽഎ മുൻകൈയെടുത്ത് എന്ത് പദ്ധതിയാണ് മണ്ഡലത്തിലേക്ക് കൊണ്ടുവന്നതെന്നും പ്രവർത്തകർ പരസ്യമായി ചോദിക്കുന്നു.

പ്രളയ സമയത്തും പിന്നീട് കോവിഡ് പടർന്നപ്പോഴും എംഎൽഎ വേണ്ട രീതിയിൽ ഇടപെടിട്ടിട്ടില്ല. മാത്രമല്ല, ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും ഒരു സാധാരണ പ്രവർത്തകർ കാട്ടുന്ന ആത്മാർത്ഥത പോലും എംഎൽഎയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. പലപ്പോഴും അണികളുടെ വികാരം മാനിക്കാതെയുള്ള നിലപാടുകളാണ് അൻവർ സാദത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കെപിസിസി സംസ്ഥാന സെക്രട്ടറി ജെബി മേത്തറിന്റെയും ചില ജില്ലാ നേതാക്കളുടെയും ഇടപെടൽ കൊണ്ടാണ് കോൺഗ്രസ് മണ്ഡലത്തിൽ പിടിച്ചുനിൽക്കുന്നത്. കൊറോണ പടർന്ന സമയത്ത് ജെബി മേത്തർ അടക്കമുള്ളവർ നല്ല ഇടപെടൽ നടത്തി രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ചു. ആലുവ മാർക്കറ്റടക്കമുള്ള മേഖലകളിൽ രോഗം വ്യാപിച്ചപ്പോൾ ജനങ്ങളിൽ ആത്മവിശ്വാസം വളർത്താൻ ജെബി അടക്കമുള്ളവരാണ് രംഗത്തുവന്നത്. ഈ പ്രവർത്തനത്തെ തള്ളിപ്പറയുന്ന നിലപാടാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ, ഈ നിലപാട് തിരിച്ചടിയാകുമെന്ന് മനസിലായതോടെ കോൺഗ്രസ് നേതൃത്വം ജെബി അടക്കമുള്ളവർക്കൊപ്പം നിൽക്കുകയായിരുന്നു.

ഇതിനുപുറമെ റിട്ട. ജസ്റ്റിസ് കമാൽപാഷയെ ആലുവയിൽ നിർത്താനുള്ള യുഡിഎഫിന്റെ രഹസ്യനീക്കവും കോൺഗ്രസ് പ്രവർത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. നേരത്തെ കളമശേരിയിൽ കമാൽപാഷയെ മത്സരിപ്പിക്കാനായിരുന്നു ലീഗിന്റെ ധാരണ. എന്നാൽ സീറ്റിനായി ഇബ്രാഹിംകുഞ്ഞ് വീണ്ടും കടുംപിടുത്തം തുടർന്നതോടെ ആലുവയിലേക്ക് മാറ്റാമെന്ന ധാരണ ലീഗ് മുന്നോട്ട് വെച്ച്. എന്നാൽ, ലീഗിന്റെ നിർദ്ദേശത്തിന് വഴങ്ങരുതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഈ സാഹചര്യത്തിലാണ് ആലുവയിൽ ഇത്തവണ പുതുമുഖത്തെ പരീക്ഷിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ജെബി മേത്തറിന് ഇത്തവണ അവസരം നൽകണമെന്ന ആവശ്യമാണ് ഭൂരിഭാഗം പ്രവർത്തകരും ആവശ്യപ്പെടുന്നത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ കോൺഗ്രസ് നേതൃത്വം ആകെ പെട്ട അവസത്തയിലാണ്.