തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക ഐസിയു ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0
73

കൊവിഡിനെതിരെ നാം ഇനി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിൽ കൊവിഡ് കണക്കും പരിശോധനയും കൃത്യമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഐസിയു യൂണിറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക സജ്ജീകരണങ്ങളോടുകൂടി തയ്യാറാക്കിയ 25 കിടക്കകളുളളതാണ് ഐ.സി.യു. യൂണിറ്റ്. വെന്റിലേറ്ററുകള്‍, ഐസിയു കോട്ട്, ഇസിജി മെഷീന്‍, മള്‍ട്ടി പാര മോണിറ്റര്‍, ക്രാഷ് കാര്‍ട്ട്, മൊബൈല്‍ സ്‌പോട്ട് ലൈറ്റ്, സിറിംജ് പമ്പ്, ഇന്‍ഫ്യൂഷന്‍ പമ്പ് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡ് നമ്മെ വിട്ടുപോയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

2020 ഓഗസ്റ്റ് മാസം മുതല്‍ പൂര്‍ണമായും കോവിഡ് ചികിത്സാ കേന്ദ്രമായി മാറിയ ആശുപത്രിയിൽ 300 കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാത്രമായി സജ്ജീകരിച്ചിരിക്കുന്നത്. കാറ്റഗറി ബി, സി രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയിൽ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ 24 മണിക്കൂറും നടത്തുന്നുണ്ട്.

പുതിയ ഐസിയു പ്രവര്‍ത്തനസജ്ജമായതോടെ നിലവില്‍ ചികിത്സിക്കുന്ന കാറ്റഗറി ബി, സി രോഗികളുടെ ചികിത്സയോടൊപ്പം ഗുരുതര കൊവിഡ് രോഗം ബാധിച്ച കാറ്റഗറി സി രോഗികളെക്കൂടി കിടത്തി ചികിത്സിക്കാന്‍ സാധിക്കും. 34.22 ലക്ഷം ചെലവാക്കിയാണ് പ്രത്യേക ഐസിയു സജ്ജമാക്കിയത്.