ദേശീയപാതയിലെ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ വന്‍ ഗതാഗത കുരുക്ക്. ഫാസ്ടാഗില്ലാതെ എത്തുന്നത് നിരവധി വാഹനങ്ങളാണ്. പാലിയേക്കരയിലും അരൂരിലും വാഹനങ്ങളുടെ നീണ്ടനിരയാണ്. യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ബസ് കുമ്പളം ടോള്‍പ്ലാസയില്‍ തടഞ്ഞു. കെഎസ്ആര്‍ടിസിക്ക് പ്രത്യേക ഇളവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടോള്‍പ്ലാസാ അധികൃതര്‍ ബസ് തടഞ്ഞത്.
കെഎസ്ആര്‍ടിസിക്ക് ഇളവുണ്ടെന്നാണ് ജീവനക്കാര്‍ അവകാശപ്പെടുന്നത്. ബസ് തടഞ്ഞതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തുവന്നു. പാലിയേക്കര ടോള്‍പ്ലാസയിലും വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഫാസ്ടാഗില്ലാതെ എത്തുന്നത് നിരവധി വാഹനങ്ങളാണ്. ഒരു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്.
ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതലാണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇനി മുതല്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും. 2019 ജനുവരി ഒന്നിനാണ് രാജ്യത്ത് ഫാസ്ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും രണ്ട് തവണയായി ഫെബ്രുവരി 15 വരെ ഇളവ് നീട്ടി. ടോള്‍ ബൂത്തിലെ പണം നല്‍കാവുന്ന ലൈനുകള്‍ ഇനിമുതല്‍ ഉണ്ടാകില്ല.