ദൃശ്യം 2 തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍

0
98

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍. തിയറ്ററില്‍ റിലീസ് ചെയ്തശേഷം ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്ന് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. സൂഫിയും സുജാതയും ഒടിടി റിലീസിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുതെന്നും പലര്‍ക്കും പല നീതിയെന്നത് ശരിയല്ലെന്നും ഫിലിംചേംബര്‍ പറഞ്ഞു.

ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സംവിധായകനും നിര്‍മാതാവും ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെയാണ് ഫിലിംചേംബര്‍ രംഗത്ത് എത്തിയത്. ഇത്തരത്തിലൊരു കീഴ്‌വഴക്കം നിലവിലില്ല. ഒരു സൂപ്പര്‍ താരത്തിനും സൂപ്പര്‍ നിര്‍മാതാവിനും ഇളവ് നല്‍കാനാകില്ല. അങ്ങനെ പുതിയൊരു കീഴ്‌വഴക്കം ഉണ്ടാക്കിയെടുക്കാനാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

ഫിലിംചേംബറിന്റെ തീരുമാനം 42 ദിവസം തിയറ്ററില്‍ ഓടിയതിന് ശേഷം ചിത്രങ്ങള്‍ ഒടിടിക്ക് നല്‍കുകയെന്നതാണ്. എന്നാല്‍ നിലവില്‍ ആ തീരുമാനം ലംഘിക്കപ്പെട്ടു. ദൃശ്യം സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നതിനായി ചിത്രീകരിച്ചതാണെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

ദൃശ്യം 2 ഒടിടിയിലേക്ക് പോയപ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാല്‍ മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ദൃശ്യം 2 ഒടിടിയിലേക്ക് വിട്ടതെന്നാണ് നിര്‍മാതാവ് അറിയിച്ചത്.