ഇന്ധനവില വർദ്ധനവിനെ തുടർന്ന് പച്ചക്കറിക്കും തീവില

0
69

ഇന്ധന വില വര്‍ധനയ്ക്കൊപ്പം കുതിച്ച് സംസ്ഥാനത്തെ പച്ചക്കറി വിലയും. സാധാരണ ഉപയോഗിക്കുന്ന പല ഇനങ്ങൾക്കും പത്ത് മുതല്‍ 50 രൂപയിലേറെയാണ് കൂടിയത്. അതേസമയം, സര്‍ക്കാരിന്‍റെ സൗജന്യ കിറ്റ് തുടരുന്നതിനാല്‍ പലവ്യഞ്ജന വിലയില്‍ കാര്യമായ മാറ്റമില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

നാല്‍പ്പതില്‍ കിടന്ന സവാള വില അമ്പത്തിരണ്ടിലെത്തി. തക്കാളി വില ഇരുപതില്‍ നിന്ന് നാല്‍പ്പതായി.പതിനഞ്ച് രൂപയായിരുന്ന വെണ്ടയ്ക്ക വില അറുപത് കടന്നു. ഒരു കിലോ അമരയ്ക്കയ്ക്ക് നാല്‍പ്പത് രൂപയാണ് വില. ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് ലോറി വാടകയില്‍ ഉള്‍പ്പെടെയുണ്ടായ വര്‍ധനയാണ് പച്ചക്കറി വിപണിയെയും സ്വാധീനിച്ചത്.

പലചരക്ക് കടകളില്‍ പക്ഷേ മറിച്ചാണ് സ്ഥിതി. അരിയും പയറും കടലയും ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്കൊന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ കാര്യമായ വില വര്‍ധന ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. തല്‍ക്കാലം പലചരക്ക് വിലയില്‍ വര്‍ധനയില്ലെങ്കിലും ഡീസല്‍ വിലിയിലെ വര്‍ധന തുടര്‍ന്നാല്‍ വില ഉയര്‍ന്നേക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്. കാലിത്തീറ്റ ഉല്‍പ്പന്നങ്ങളുടെ വിലയിലും കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.