EXCLUSIVE: പിഎസ്‌‌സി നിയമനം: യുഡിഎഫ്‌ അവസാനവർഷം‌ 5.69 ശതമാനം; എൽഡിഎഫ് 31.56 ശതമാനം

0
43

പിണറായി സർക്കാരിന്റെ കാലത്ത് പിഎസ്‌‌സി റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനം കുറവാണെന്ന പ്രചാരണം പൊളിച്ചടുക്കി കണക്കുകൾ. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന വർഷം റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവരിൽ അഡ്വൈസ് മെമ്മോ നൽകിയത് 5.69 ശതമാനം പേർക്കുമാത്രം. എന്നാൽ എൽഡിഎഫ്‌ സർക്കാരിന്റെ  കാലത്ത്‌ 2019 – 20ൽ മാത്രം 31.56 ശതമാനം പേർക്ക് പിഎസ്‌‌സി നിയമന ശുപാർശ അയച്ചു. അഞ്ഞൂറോളം ലിസ്റ്റുകളുടെ കാലാവധി നീട്ടിയതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ വിരമിക്കുന്നവരുടെ തസ്തികയിലേക്ക് കൂടി നിയമനം നടത്തുന്നതോടെ ഇത് വീണ്ടും ഉയരും.

2015 – 16ൽ വിവിധ പട്ടികകളിൽ ഉൾപ്പെട്ടിരുന്ന 4,78,043ൽ 4,50,800 പേർ അഡ്വൈസ് ലഭിക്കാതെ പുറത്തായി. 27,234 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്.  പത്തുവർഷത്തിനുള്ളിൽ ഏറ്റവും കുറച്ച് നിയമനം നടന്നത് അപ്രഖ്യാപിത നിയമന നിരോധനം നിലനിന്ന ആ കാലത്താണ്. എൽഡിഎഫ് ഭരണത്തിലെത്തി ആദ്യവർഷം (2016 -17) തന്നെ നിയമനം 27.65 ശതമാനമായി കുതിച്ചു. 2019 – 20ൽ റാങ്ക്‌ പട്ടികകളിലുണ്ടായിരുന്ന 1,05,080 പേരിൽ 34,106 പേർക്കും നിയമന ശുപാർശ അയച്ചു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷം പട്ടികകളിൽ ഉൾപ്പെട്ടവരിൽ ശരാശരി 24.45 ശതമാനത്തിനാണ് നിയമന ശുപാർശ ലഭിച്ചത്. എന്നാൽ,  എൽഡിഎഫ് സർക്കാരിന്റെ നാലു വർഷം കൊണ്ട് ഇത് 27.06 ശതമാനത്തിലെത്തി. മുൻകാലത്തെ അപേക്ഷിച്ച് പിഎസ്‌‌സി വഴിയുള്ള നിയമന ശുപാർശ വൻതോതിൽ വർധിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വിരമിക്കൽ കൂടാതെ, പുതിയ തസ്തികകൾ സൃഷ്ടിച്ചും അമ്പതിലേറെ സ്ഥാപനങ്ങളിലെ നിയമനം പുതുതായി പിഎസ്‌‌സിക്ക് വിട്ടും ഒഴിവുകൾ സൃഷ്ടിച്ചു. എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം പിഎസ്‌‌സി നിയമനം ലഭിച്ചവരുടെ എണ്ണം 1.60 ലക്ഷത്തോടടുക്കുന്നു. ഇത് സർവകാല റെക്കോഡാണ്. ഇതെല്ലാം മറച്ചുവച്ചാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകണമെന്ന വിദണ്ഡവാദവുമായി പ്രതിപക്ഷവും ചില തൽപ്പരകക്ഷികളും ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ബിഎഫ്‌ഒ നിയമനം: 500 തസ്‌തിക സൃഷ്ടിച്ചു

ആദിവാസി വിഭാഗത്തിലെ 500 പേരെ ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർമാരായി നിയമിക്കാനാവശ്യമായ തസ്‌തിക  സൃഷ്ടിച്ച്‌ വനംവകുപ്പ്‌‌. വയനാടാണ്‌ ഏറ്റവും കൂടുതൽ തസ്‌തിക – 170. പാലക്കാട്‌ – 60, കാസർകോട്‌ – 45, കണ്ണൂർ – 45, ഇടുക്കി – 40, മലപ്പുറം – 30, തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിൽ 20 വീതവും കൊല്ലം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ പത്ത്‌ വീതം തസ്‌തികയുമാണ്‌ സൃഷ്ടിച്ചത്‌. 20000 – 45800 രൂപയാണ്‌ ശമ്പള സ്‌കെയിൽ.  ഉപജീവനത്തിന്‌ വനത്തെ ആശ്രയിച്ച്‌ കഴിയുന്ന പട്ടികവർഗ വിഭാഗങ്ങൾക്ക്‌ മാത്രമാണ്‌  നിയമനം.

ഉദ്യോഗാർഥി ഇത്തരത്തിൽ ഉപജീവനം നടത്തുന്ന വ്യക്തിയാണെന്ന്‌ തെളിയിക്കുന്ന റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസറിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്ന്‌ ലഭിച്ച സർടിഫിക്കറ്റ്‌, വില്ലേജ്‌ ഓഫീസറിൽ കുറയാതെയുള്ള റവന്യു അധികാരിയിൽ നിന്നുള്ള ജാതി സർടിഫിക്കറ്റ്‌ എന്നിവ അപേക്ഷക്കൊപ്പം ഹാജരാക്കണം.

ജില്ലാടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഒരോ ജില്ലയിലേക്കും അവിടങ്ങളിലുള്ളവരെ മാത്രമേ പരിഗണിക്കൂ. വൺസ്‌റ്റാർ ടെസ്‌റ്റ്‌ പ്രകാരമുള്ള ശാരീരിക ക്ഷമത ഉണ്ടാകണം. നിയമനവുമായി ബന്ധപ്പെട്ട്‌ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കും.