ഭാവികേരളത്തിന്റെ സ്വപ്നസീമകൾ തേടി സിഎം@ക്വാമ്പസ്

0
89

– കെ വി –

ഭാവികേരളത്തിന്റെ വികസനവഴിയിൽ നിർണായക നാഴികക്കല്ലാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവനാസമൃദ്ധമായ ഇടപെടലിലൂടെയുള്ള ക്വാമ്പസ് സംവാദം. വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ നവീന ആശയങ്ങളുടെ തനിമയും തെളിമയും ദീർഘദർശിത്വവും മാത്രമല്ല, സിഎം@ ക്യാമ്പസിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്.

നാടിന്റെ നാളെ എങ്ങനെയാവണമെന്ന ദിശാബോധവും വികസന കാഴ്ചപ്പാടുമുള്ള ഒരു ഭരണത്തലവന്റെ കർമോൽസുകത നിറഞ്ഞ ഇച്ഛാശക്തികൂടിയാണ്. നാടിന് തുണയാവേണ്ട സാമൂഹിക ഉത്തരവാദിത്തത്തിലേക്ക് വിദ്യാർത്ഥികളെ തൊട്ടുണർത്തിയ ഇത്ര മികച്ച പാഠ്യഇതര പരിപാടിയും സർവകലാശാലാ തലത്തിൽ ഇതാദ്യം.


വൈജ്ഞാനിക സമൂഹമായി വളരുന്ന കേരളത്തിന്റെ പ്രത്യേകതകൾ കണ്ടറിഞ്ഞുള്ള സംസ്ഥാന ബജറ്റ് നിർദേശങ്ങളോട് വിദ്യാർത്ഥികൾ പൊതുവെ യോജിപ്പ് പ്രകടിപ്പിച്ചത് നല്ല സൂചനയാണ്. നവ സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ വികസന സാധ്യതകളും തൊഴിലവര വിപുലീകരണവും സംബന്ധിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ സംവാദത്തിൽ ഉയർന്നുവന്നു.

പാശ്ചാത്യ രാജ്യങ്ങളിലെപോലെ പഠനത്തോടൊപ്പം പാർട് ടൈം ജോലികൾ ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നതിന് ഡിഗ്രി തലംമുതൽ കോഴ്സുകളിൽ പുനഃക്രമീകരണം വേണമെന്ന നിലപാടിനും നല്ല സ്വീകാര്യതയുണ്ടായി. മികവിന്റെ കേന്ദ്രങ്ങളായി സർവകലാശാലകളെ അടിമുടി നവീകരിക്കണമെന്ന ആവശ്യവും ചില വിദ്യാർത്ഥികൾ ഉന്നയിച്ചു.

പഠനം കഴിഞ്ഞ് ഉദ്യോഗത്തിനായി കാത്തുനിൽക്കുന്ന രീതി മാറ്റി തൊഴിൽ ദാതാക്കളായി ഉയരാൻ യുവാക്കളെ മുഖ്യമന്ത്രി ആഹ്വാനംചെയ്തു. നവസംരംഭകർക്ക് സർക്കാർ എല്ലാവിധ പ്രോൽസാഹനവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കളമശേരിയിലെ കുസാറ്റിൽനിന്ന് തുടങ്ങി തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസ് വരെ ആയിരക്കണക്കിന് വിദ്യാർഥികളെയാണ് മുഖ്യമന്ത്രി മുഖാമുഖം കണ്ട് ആശയവിനിമയം നടത്തിയത്.

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിൽനിന്നുമുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പങ്കെടുപ്പിച്ച് അഞ്ച് ക്യാമ്പസുകളിലായിരുന്നു സംഗമം . പുതിയ വികസന മാതൃകകളിലേക്കും അഴിച്ചുപണിയുടെ അനിവാര്യതയിലേക്കും വിരൽചൂണ്ടിയ ഇളം തലമുറയുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെ താല്പര്യപൂർവം കേട്ട ജനനായകന്റെ പ്രതികരണങ്ങൾ നല്ല മതിപ്പുളവാക്കി.

സംസ്ഥാനത്ത് വിവിധ മേഖലകളിലായി സർക്കാർ നടപ്പാക്കിവരുന്ന ജനക്ഷേമപദ്ധതികൾ പ്രതിപാദിക്കുന്ന ജി എസ് പ്രദീപിന്റെ “ഇൻസ്പയർ കേരള ” യും ഇതോടൊപ്പമുണ്ടായിരുന്നു.