Wednesday
17 December 2025
30.8 C
Kerala
HomePoliticsവനിതാസംരഭകര്‍ക്ക് അന്താരാഷ്ട്രതലത്തില്‍ വ്യാപാര-വിപണന സാധ്യതകളൊരുങ്ങുന്നു; ജെന്‍ഡര്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

വനിതാസംരഭകര്‍ക്ക് അന്താരാഷ്ട്രതലത്തില്‍ വ്യാപാര-വിപണന സാധ്യതകളൊരുങ്ങുന്നു; ജെന്‍ഡര്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

രാജ്യവും ലോകവും ശ്രദ്ധിക്കുന്ന സംരംഭമാണ് ജെന്‍ഡര്‍ പാര്‍ക്കെന്നും ഈ സര്‍ക്കാറിന്റെ കാലത്ത് ഇത് നടപ്പാക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ വനിതാശിശുക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസ് നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജെന്‍ഡര്‍ പാര്‍ക്കിലെ ജെന്‍ഡര്‍ മ്യൂസിയം, ലൈബ്രറി, കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫി തിയേറ്റര്‍ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വനിതാ സംരംഭകര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിപണന സ്ഥലം ഒരുക്കുന്നതിനുമുള്ള അന്താരാഷ്ട്ര വനിതാ വ്യാപാരകേന്ദ്ര(ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്റര്‍) ത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മൊത്തം സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനും അവരുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനുമുള്ള വലിയ സംരംഭമായി ജെന്‍ഡര്‍ പാര്‍ക്ക് മാറുമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.
വനിതാവ്യാപാരകേന്ദ്രം ലോകത്തിന് കേരളം നല്‍കുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും. കേരളം ഇനി അറിയപ്പെടുന്നത് ഇതുകൂടി കൊണ്ടായിരിക്കും. ലോകത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും അറിയാനും ഇടപെടാനും ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനപരിപാടികള്‍ രൂപവത്കരിക്കും. നോളജ് ഷെയറിങ് സംവിധാനങ്ങള്‍, പുതിയ കോഴ്സുകള്‍ തുടങ്ങിയവ ജെന്‍ഡര്‍ പാര്‍ക്കില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, യു.എന്‍. വിമണ്‍ പ്രതിനിധി അമി നിഷ്ത സത്യം, യു.എസ്. കോണ്‍സുല്‍ ജനറല്‍ ജുദിത് റാവിന്‍, ഓസ്‌ട്രേലിയന്‍ അംബാസഡര്‍( ജെന്‍ഡര്‍ ഇക്വാലിറ്റി) ജൂലി ആന്‍ ഗുവേര, ട്രാന്‍സ്ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തക അക്കായ് പദ്മശാലി, ജെന്‍ഡര്‍ പാര്‍ക്ക് ഉപദേശക മല്ലിക സാരാഭായ്, സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ. പി.ടി.എം സുനീഷ്, എന്നിവര്‍ സംസാരിച്ചു.
ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു.എന്‍.വിമണ്‍ തുല്യപങ്കാളിത്ത വ്യവസ്ഥയില്‍ ജെന്‍ഡര്‍ പാര്‍ക്കുമായി സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പിട്ടുണ്ട്. ദക്ഷിണേഷ്യയിലെതന്നെ ലിംഗസമത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സംവിധാനങ്ങളുടെയും കേന്ദ്രമായി ഇതോടെ പാര്‍ക്കു മാറും.

ലിംഗസമത്വത്തിലധിഷ്ഠിതമായ പ്രമേയങ്ങളുമായി അന്താരാഷ്ട്ര, ദേശീയതലത്തില്‍ പ്രസിദ്ധീകരിക്കുന്ന ജേര്‍ണലുകളും ഓണ്‍ലൈന്‍ പതിപ്പുകളും ജെന്‍ഡര്‍ ലൈബ്രറിയില്‍ ലഭ്യമാവും.  ചരിത്രാതീത കാലം മുതല്‍ സ്ത്രീ സമൂഹത്തിനുണ്ടായ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങള്‍, കേരളത്തിലെ വനിതാ നവോഥാന പ്രസ്ഥാനങ്ങള്‍, സമരങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്.

അഞ്ഞൂറിലധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ഹരിതാഭമായ പശ്ചാത്തലത്തിലുള്ള ആംഫിതിയേറ്റര്‍ എന്നിവയും ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായ പദ്ധതികളാണ്. വനിതാസംരഭകര്‍ക്ക് അന്താരാഷ്ട്രതലത്തില്‍ വ്യാപാര-വിപണന സാധ്യതകളൊരുക്കുന്ന വനിതാവ്യാപാരകേന്ദ്രം യു.എന്‍.വിമണിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുക.

RELATED ARTICLES

Most Popular

Recent Comments