ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കരുത്ത്‌ തെളിയിക്കും: സീതാറാം യെച്ചൂരി

0
54

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ബദൽമുന്നണി കരുത്ത്‌ തെളിയിക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി പറഞ്ഞു. ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിലുള്ള മത്സരമാണെന്ന ആഖ്യാനം ശരിയല്ല. ശക്തമായ ത്രികോണമത്സരമാണ്‌ നടക്കുക. ബിജെപിയെ തടയാൻ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ്‌ വേണ്ടത്‌. ബിജെപിയിലേ‌ക്കുള്ള കവാടമാണ്‌ തൃണമൂൽ കോൺഗ്രസ്‌–-യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃണമൂൽ കോൺഗ്രസ്‌ സർക്കാരിനെതിരെ ജനവിരുദ്ധവികാരം ശക്തമാണ്‌. ഇതിൽനിന്ന്‌ മുതലെടുപ്പ്‌ നടത്താനുള്ള ബിജെപി ശ്രമം പരാജയപ്പെടുത്താൻ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ബദലിനു കഴിയും. ഇക്കാര്യത്തിൽ സഹകരിക്കാൻ താൽപര്യമുള്ള എല്ലാ കക്ഷികളെയും സ്വാഗതം ചെയ്യും. തൃണമൂലും ബിജെപിയും പരസ്‌പരം ശക്തിപ്പെടുത്താനാണ്‌ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ പ്രസക്തി എന്താണെന്ന ചോദ്യത്തോട്‌ ഇടതുപക്ഷമാണ്‌ ഭാവിയെന്ന്‌ യെച്ചൂരി പ്രതികരിച്ചു.