‘പ്രായപൂർത്തിയായവരുടെ വിവാഹത്തിന് കുടുംബത്തിന്റെയോ വംശത്തിന്റെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ല’; സുപ്രീം കോടതി

0
59

പ്രായപൂർത്തിയായ രണ്ടുപേർ വിവാഹിതരാകാൻ ആഗ്രഹിക്കുമ്പോൾ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ വംശത്തിന്റെയോ സമ്മതം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള പ്രായപൂർത്തിയായ ഒരു പൗരന്റെ അവകാശത്തിൻ മേൽ ‘വർഗ്ഗ ബഹുമാനമോ, സമുദായ ചിന്തയോ’ കടന്നുവരരുതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കൗളും ജസ്റ്റിസ് ഹൃഷികേശ് റോയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

തന്റെ മകളെ കാണാനില്ലെന്നുള്ള പിതാവിന്റെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ വിധി പറയവെയാണ് ബെഞ്ചിന്റെ നിരീക്ഷണം. പിതാവിനോട് പറയാതെ തനിക്കിഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്തതിന്റെ പേരിൽ മകളെ കാണാനില്ലെന്ന് പിതാവ് പരാതി നൽകുകയായിരുന്നു. എന്നാൽ മകൾ വിവാഹിതയായി ജീവിക്കുകയാണെന്ന് അറിഞ്ഞതിന് ശേഷവും കേസ് അവസാനിപ്പിക്കാൻ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നിർബന്ധിക്കുക ആയിരുന്നു. മാത്രമല്ല പെൺകുട്ടി തിരികെ വന്നില്ലെങ്കിൽ ‘ഭർത്താവ് ‘ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചു കേസ് രജിസ്റ്റർ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയിൽ കേസ് നൽകിയത്.

കേസിൽ വിധി പ്രസ്താവിക്കവേ പ്രായപൂർത്തിയായവർക്ക് വിവാഹിതരാകാൻ പുറമെ നിന്നൊരു അനുവാദം വേണ്ടെന്ന് കോടതി വിലയിരുത്തി. കൂടാതെ വളരെയധികം ജനശ്രദ്ധ ആകർഷിക്കുന്ന ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനായി പൊലീസുകാർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പരിശീലന പരിപാടികളും നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

‘പുതുതലമുറയിലെ വിദ്യാസമ്പന്നരായവർ തങ്ങളുടെ ഇണകളെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ മുൻ മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായാകാം. ജാതിയും സമുദായവും അവിടെ പഴയ പോലെ വിഷയമാകുന്നില്ല. ഒരുപക്ഷേ ഇത്തരം വിവാഹങ്ങളിലൂടെ ജാതി-സമുദായ സംഘർഷങ്ങൾ കുറഞ്ഞേക്കാം. എന്നാൽ മുതിർന്നവരിൽ നിന്ന് ഭീഷണികൾ നേരിടേണ്ടി വരുന്ന ഈ ചെറുപ്പക്കാർക്ക് കോടതികൾ സഹായഹസ്തം നീട്ടും’, സുപ്രീം കോടതി ബെഞ്ച് കൂട്ടിച്ചേർത്തു.