ചീഫ് ജസ്റ്റിസ് വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി; ആരെയും ശുപാർശ ചെയ്യാതെ കൊളീജിയം

0
71

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഒരു ജഡ്ജിനെ പോലും സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്യാതെ കൊളീജിയം. കൊളീജിയം അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.

2019 നവംബറിലായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എസ്.എ ബോബ്ഡെ ചുമതലയേല്‍ക്കുന്നത്. ഏപ്രില്‍ 23 ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് എസ് എ ബോബ്ഡെ വിരമിക്കുകയും ചെയ്യും. എന്നാല്‍ ചീഫ് ജസ്റ്റിസ് വിരമിക്കാന്‍ പോകുന്നത് അദ്ദേഹം അധ്യക്ഷനായ കൊളീജിയം സുപ്രീംകോടതി ജഡ്ജ് സ്ഥാനത്തേക്ക് ഒരാളെ പോലും ശുപാര്‍ശ ചെയ്യാതെയാണ്.

നാല് ജഡ്ജിമാര്‍ വിരമിച്ച ഒഴിവും രണ്ട് ജഡ്ജിമാര്‍ വിരമിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആറ് ജഡ്ജിമാരുടെ കുറവാണ് സുപ്രീംകോടതിയിലുള്ളത്. ഈ ഒഴിവുകള്‍ നിലനില്‍ക്കെയാണ് ഒരു ശുപാര്‍ശകള്‍ പോലും നടത്താത്ത കൊളീജിയം നിലപാട്. ഓള്‍ ഇന്ത്യാ സീനിയോറിറ്റി ലിസ്റ്റില്‍ മൂന്നാമതുള്ള തൃപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖില്‍ ഖുറേഷിയെ സുപ്രീംകോടതി ജഡ്ജായി ഉയര്‍ത്തുന്നതില്‍ കൊളീജിയം അംഗങ്ങള്‍ക്കിടയില്‍ ഒരേ സ്വരമല്ല ഉള്ളത്.

ഇതാണ് ഒരു ശുപാര്‍ശ പോലും നടത്താന്‍ കൊളീജിയം തയ്യാറാകാത്തതിന് പിന്നിലെ പ്രധാന കാരണം. 2015 എച്ച് എല്‍ ദത്തു ചീഫ് ജസ്റ്റിസായിരിക്കെ ഒരാളെ പോലും സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാർശ ചെയ്തിരുന്നില്ല. അതിന് ശേഷം ആദ്യമായാണ് സുപ്രീംകോടതിയില്‍ സമാന സാഹചര്യമുണ്ടാകുന്നത്.