കാപ്പനെ തള്ളി എൻ സി പി , കാപ്പനൊപ്പം കാപ്പൻ മാത്രം

0
30

യുഡിഎഫിലേക്കുള്ള രാഷ്ട്രീയ ചുവടുമാറ്റം പ്രഖ്യാപിച്ച മാണി സി കാപ്പനെ കൈവിട്ട്‌ എൻസിപി അണികളും നേതാക്കളും. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ അടക്കമുള്ള എല്ലാ സംസ്ഥാന നേതാക്കളും കാപ്പനെ തള്ളി. ഏഴ് ജില്ലാപ്രസിഡന്റുമാർ തനിക്കൊപ്പം എന്ന കാപ്പന്റെ അവകാശവാദം പൂർണ്ണമായും തെറ്റെന്നു 14 ജില്ലകളിൽ .

കാപ്പന്റെ നോമിനി എന്ന നിലയിൽ നിയമിയ്ക്കപ്പെട്ട കോട്ടയം ജില്ലാ പ്രസിഡന്റ് മാത്രമാണ് ഒപ്പം നിൽക്കുമെന്ന നിലപാട് എടുത്തിട്ടുള്ളത്. അവിടെയും മറ്റ് നേതാക്കൾ കാപ്പനൊപ്പമില്ല. കാലുമാറിയ കാപ്പന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് പാലായിൽ എൻസിപി പ്രവർത്തകർ പ്രകടനം നടത്തി.

കോട്ടയം ജില്ലയിലെ എൻസിപി എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും കെ എസ് എഫ് ഇ ഡയറക്ടറുമായ കെ ആനന്ദക്കുട്ടൻ പറഞ്ഞു.

ജില്ലയിലെ 9 മണ്ഡലം കമ്മിറ്റികളും എൽഡിഎഫിൽ തുടരണമെന്ന നിലപാടിലാണ്. ജില്ലാ പ്രസിഡൻ്റ് കാപ്പൻ്റെ നോമിനിയാണ്. സംഘടനാ തെരഞ്ഞെടുപ്പ് വരെ തൽക്കാലത്തേക്ക് കാപ്പൻ നിർദേശിച്ചയാളാണ്. പാർടിയുമായി വലിയ ബന്ധമില്ലാത്ത ആളാണ്. എൻസിപിയേയും എൽഡിഎഫിനെയും കാപ്പൻ വഞ്ചിച്ചുവെന്ന് ജില്ലയിലെ എൻസിപി നേതാക്കൾ പറഞ്ഞു. പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ പാലാ ടൗണിൽ എൻസിപി പ്രവർത്തകർ പ്രകടനം നടത്തി

മാണി സി കാപ്പനെ തള്ളി എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. എൽഡിഎഫിനൊപ്പം നിൽക്കാനാണ്‌ കമ്മിറ്റിയുടെ തീരുമാനമെന്ന്‌ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ നന്ദിയോട്‌ ബി സുഭാഷ്‌ ചന്ദ്രൻ പറഞ്ഞു. വെള്ളിയാഴ്‌ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ്‌ എൽഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനമെടുത്തത്‌.

കൊല്ലം ജില്ലയിൽ എൻസിപി ഒന്നടങ്കം എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ജില്ലാ ഭാരവാഹികൾ വ്യക്തമാക്കി.ജില്ലാ പ്രസിഡൻ്റ്, ആർ കെ ശശിധരൻ പിള്ള, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ് പ്രദീപ് കുമാർ, ടി അയ്യൂബ് ഖാൻ, നിർവാഹക സമിതി അംഗം ജി പത്മാകരൻ, ജില്ലാ ഭാരവാഹികൾ, 11 മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ എല്ലാവരും ഈ നിലപാടിൽ ഉറച്ചുനിൽക്കും

ആലപ്പുഴ ജില്ലയിലെ എൻസിപിയുടെ ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലം പ്രസിഡൻ്റുമാരും ജില്ലാ ഭാരവാഹികളും ഒന്നടങ്കം എൽ ഡി എഫിനൊപ്പം നിൽക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് എൻ സന്തോഷ് കുമാർ പറഞ്ഞു.ഇവർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ അഞ്ച് നിയോജകമണ്ഡലം കമ്മിറ്റികളിൽ നാലു കമ്മിറ്റികളും എൽഡി എഫിനൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി മാത്യൂസ് ജോർജ് വ്യക്തമാക്കി. 13 സംസ്ഥാനകമ്മിറ്റിയിലെ പതിനൊന്നുപേരും എൽഡി എഫിൽ തന്നെ ഉറച്ചുനിൽക്കും.രണ്ടുപേർ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

എൽ ഡി എഫിൽ ഉറച്ചു നിൽക്കുമെന്ന് ചഇജ എറണാകുളം ജില്ലാ ‘പ്രസിഡൻറ് ടി പി അബ്ദുൾ അസീസ് പറഞ്ഞു. ജില്ലയിലെ നേതൃനിരയിൽ ഒരാൾ പോലും കാപ്പനൊപ്പം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ്‌ ഇടുക്കി ജില്ലാ കമ്മിറ്റി എൽഡിഎഫിൽ ഉറച്ച്‌ നിൽക്കുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ അനിൽ കുവ്വപ്ലാക്കൽ പറഞ്ഞു. ജില്ലയിലെ ഒരു ഭാരവാഹി പോലും മാണി സി കാപ്പനൊപ്പം പോകില്ലെന്നും ഇക്കാര്യം കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സീറ്റ്‌ ചർച്ച ഔദ്യോഗികമായി തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ അനാവശ്യ ചർച്ചകൾ മാണി സി കാപ്പൻ തുടങ്ങിയതാണ്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന്റെ തുടർഭരണമാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂർ ജില്ലയിൽ എൻസിപി എൽഡിഎഫിനൊപ്പമെന്ന് ജില്ല പ്രസിഡണ്ട് ടി.കെ ഉണ്ണികൃഷ്ണൻ പറഞ്ഞു.കാപ്പന്റെ കാലുമാറ്റം ജില്ലയിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്‌ ജില്ലയിൽ ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള മുഴുവൻ എൻസിപി ഭാരവാഹികളും ജനപ്രതിനിധികളും ഔദ്യോഗികപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന്‌ ജനറൽ സെക്രട്ടറി റസാഖ്‌ മൗലവി പറഞ്ഞു. 12 ബ്ലോക്ക്‌ പ്രസിഡന്റുമാരിൽ 11 ഉം ഒരു ജില്ലാ പഞ്ചായത്തസംഗം രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, രണ്ട്‌ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമാർ തുടങ്ങി മറ്റ്‌ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ എല്ലാവരും എൻസിപിയിൽ തന്നയെന്നും അദ്ദേഹം പറഞ്ഞു.

എൻസിപി മലപ്പുറം ജില്ലാ കമ്മറ്റി എൽഡിഎഫിനൊപ്പം തുടരുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ ടി എൻ ശിവദാസൻ. കാപ്പൻ യുഡിഎഫിലേക്ക്‌ പോയത്‌ പാർടിയെ ബാധിക്കില്ല. എൽഡിഎഫ്‌ വിജയത്തിനായി പാർടി ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ ജില്ലാകമ്മറ്റി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.എൻസിപി ഇടതുമുന്നണിയുടെ അവിഭാജ്യ ഘടാകമാണെന്ന്‌ ദേശീയ കൗൺസിൽ അംഗം എൻ എ മുഹമ്മദ്‌കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർടി നിലപാട്‌ ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌. വ്യക്തികൾ പറയുന്നതല്ല പാർടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് ജില്ലയിൽ എൻ സി പി . ഒറ്റക്കെട്ടായി എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അറിയിച്ചു. ബ്ലോക്ക് – മണ്ഡലം-ജില്ലാ ഭാരവാഹികളും പ്രവർതകരുമെല്ലാം എൽഡിഎഫിൽ തുടരും. മാണി സി കാപ്പന്റെ വഞ്ചനാകരമായ നിലപാടിനൊപ്പം ജില്ലയിൽ നിന്നൊറ്റ പാർട്ടി പ്രവർതകനുമില്ലെന്നും മുക്കം മുഹമ്മദ് പറഞ്ഞു വയനാട് ജില്ലയിലെ എൻ സി പി ഒറ്റക്കെട്ടായി എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് അനിൽ മാസ്റ്റർ, സംസ്ഥാന എക്സി.അംഗം സി എം ശിവരാമൻ എന്നിവർ അറിയിച്ചു.

എൻസിപി യുഡിഎഫിലേക്ക് പോകാൻ തീരുമാനിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ല പ്രസിഡൻറ് രാമചന്ദ്രൻ തില്ലങ്കേരി പറഞ്ഞു. കേന്ദ്രകമ്മിറ്റി തീരുമാനം വന്ന ശേഷം കൂടിയാലോചന നടത്തി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാല സീറ്റ്‌ വിഷയത്തിൽ വ്യക്തിക്കൊപ്പം എൻസിപി ജില്ലാ കമ്മിറ്റി നിൽക്കില്ലെന്ന്‌ കാസർകോട്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. സി വി ദാമോദരൻ. എൻസിപി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കും ജില്ലാ കമ്മിറ്റി. മറിച്ചുളള പ്രചാരണം അവാസ്‌തവമാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി.