അരികുവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുമായി സാമൂഹിക വ്യാപാര സംരംഭങ്ങൾ ഉയർന്നു വരണം: മന്ത്രി കെ.കെ.ശൈലജ ടീച്ചർ

0
75

സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ സഹായിക്കാനും അവരുടെ ഉന്നമനത്തിനുമായി സാമൂഹിക വ്യാപാര സംരംഭങ്ങൾ ഉയർന്നു വരണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ .ശൈലജ ടീച്ചർ. സ്ത്രീകളെയും ട്രാൻസ്ജൻഡർ സമൂഹത്തെയും പല മേഖലകളിലും ഇനിയും വിജയങ്ങൾ കാത്തിരിക്കുകയാണ്. ഇവർക്കുള്ള എല്ലാ പിന്തുണയും ജെൻഡർ പാർക്ക് നൽകും.

ലിംഗസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടു സംസ്ഥാനസർക്കാരിന്റെ വനിതാശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെൻഡർ പാർക്ക് സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര സമ്മേളനം (ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ജെൻഡർ ഇക്വാളിറ്റി -2) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 13 വരെ യുഎൻ വിമണിന്റെ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടത്തുന്നത്.

ട്രാൻസ്ജൻഡർ വിഭാഗത്തിന് വിദ്യാഭ്യാസം, നൈപുണ്യ വികസനം, ലിംഗസമത്വം എന്നിവ ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായാണ് യുഎൻ വിമനുമായി ചേർന്ന് ഇന്ത്യ, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ട്രാൻസ്ജൻഡർ-വനിതാ സംബന്ധിയായ പ്രശ്നങ്ങൾ പഠിക്കുന്നതിന് പ്രത്യേക കേന്ദ്രം ജെൻഡർ പാർക്കിൽ തുടങ്ങുന്നത്.

വനിതാ സംരംഭകർക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിപണന സ്ഥലം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള ഇന്റർനാഷണൽ വിമൻസ് ട്രേഡ് സെന്ററും ജെൻഡർ പാർക്കിൽ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.

ലിംഗസമത്വം കൊണ്ട് എന്താണോ വിഭാവനം ചെയ്തത് അത് ജെൻഡർ പാർക്കിലൂടെ പ്രാവർത്തികമാവുകയാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന എ പ്രദീപ് കുമാർ എം.എൽ.എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ, ആംഫിതിയേറ്റർ, ലൈബ്രറി, ജെൻഡർ മ്യൂസിയം എന്നിവ ഈ പദ്ധതിയുടെ സവിശേഷതകളാണെന്നും അദ്ദേഹം പറഞ്ഞു.

ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം പാഠ്യപദ്ധതിയിൽ കൂടി നൽകണമെന്ന് ജെൻഡർ പാർക്ക് സി.ഇ.ഒ ഡോ. പി.ടി.എം സുനീഷ് പറഞ്ഞു. സ്ത്രീകളെയും ട്രാൻസ്ജൻഡർ സമൂഹത്തെയും സംബന്ധിച്ച് സമൂഹത്തിനുള്ള പരമ്പരാഗത കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. ഈ ലക്ഷ്യത്തിലേക്കുള്ള അക്ഷീണ പ്രയത്നമായിരിക്കും ജെൻഡർ പാർക്കിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

ലിംഗസമത്വത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധം ഇനിയും സമൂഹത്തിൽ വളരേണ്ടതുണ്ടെന്ന് ഒഡിഷ സിവിൽ സർവീസിലെ ആദ്യ ട്രാൻസ്ജൻഡറും ഒഡിഷ കോമേഴ്സ്യൽ ടാക്സ് ഓഫീസറുമായ ഐശ്വര്യ ഋതുപർണ പ്രധാൻ പറഞ്ഞു. സമൂഹത്തിൽ നിന്നുള്ള സ്വീകാര്യതയാണ് ട്രാൻസ്ജൻഡർ സമൂഹം ഏറെ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.

സാംസ്‌ക്കാരികമായ ശാക്തീകരണമാണ് സ്ത്രീകൾക്കാവശ്യമെന്ന് ഓൺലൈനായി പങ്കെടുത്ത മുൻ രാജ്യസഭാംഗം വൃന്ദകാരാട്ട് പറഞ്ഞു. പരമ്പരാഗതമായ സാംസ്‌ക്കാരിക അളവുകോലല്ല സ്ത്രീകൾക്ക് വേണ്ടത്. സ്ത്രീകൾ ഒരടി മുന്നോട്ടു വയ്ക്കുമ്പോൾ രണ്ടടി അവരെ പിറകോട്ട് തള്ളുകയാണ് അധികാര കേന്ദ്രങ്ങൾ ചെയ്യുന്നത്. കേരളമാതൃകയിൽ ജാതീയമായ വേർതിരിവുകൾ ഇല്ലാതാക്കണമെന്നും അവർ പറഞ്ഞു.

ആസൂത്രണ ബോർഡംഗവും ജെൻഡർ പാർക്ക് ഭരണസമിതി ഉപദേഷ്ടാവുമായ ഡോ. മൃദുൽ ഈപ്പൻ, സ്വീഡിഷ് എംബസി സെക്കൻഡ് സെക്രട്ടറി ജനാതൻ ക്ലം സ്റ്റെലാൻഡർ, അമേരിക്കയിലെ സെന്റർ ഫോർ ഇന്റർനാഷണലിലെ സെന്റർ ഫോർ വുമൺസ് ഇക്കണോമിക് എംപവർമന്റ് ഡയറക്ടർ ബാർബറ ലാംഗ്ലി, വിസിറ്റ് മാലിദ്വീപ് എംഡി തൊയ്യിബ് മുഹമ്മദ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ലെ തുടങ്ങിയവർ സംസാരിച്ചു.