പോക്‌സോ കേസിലെ വിവാദ വിധി : ജഡ്ജിയ്ക്ക് അനുകൂലമായി തീരുമാനമെടുത്ത് കേന്ദ്രം

0
67

പോക്‌സോ കേസിൽ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി പുഷ്പ ഗനേഡിവാലക്ക് അനുകൂലമായി തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ.ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിക്കെതിരെയുള്ള കൊളീജിയം നീക്കമാണ് കേന്ദ്രം മയപ്പെടുത്തിയത്.

അഡീഷണൽ ജഡ്ജി സ്ഥാനം രണ്ടുവർഷത്തേക്ക് നീട്ടാനുള്ള കൊളീജിയം ശുപാർശ ഒരു വർഷമായി കേന്ദ്രം ചുരുക്കി. സ്ഥിരം ജഡ്ജി നിയമനം ഉടൻ നൽകേണ്ട എന്ന കൊളീജിയം തീരുമാനമാണ് കേന്ദ്രം തടഞ്ഞത്.

ശരീരത്തിൽ നേരിട്ടല്ലാതെ വസ്ത്രത്തിന് പുറത്തുകൂടി സ്പർശിക്കുന്നത് ലൈംഗിക അതിക്രമം അല്ല എന്ന വിവാദ ഉത്തരവ് ജസ്റ്റിസ് ഗനേഡിവാലക്കെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പോക്‌സോ കേസിലായിരുന്നു പുഷ്പ ഗനേഡിവാലയുടെ വിവാദ നിരീക്ഷണം. ഈ വിവാദ വിധി പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ഇതിന് പിന്നാലെ അഞ്ചുവയസുകാരിക്കെതിരായ അമ്പത് വയസുകാരന്റെ ലൈംഗികാതിക്രമക്കേസിലും 15 വയസുകാരിയെ 26 കാരൻ പീഡിപ്പിച്ച കേസിൽ പ്രതിക്കൾക്ക് അനുകൂലമായ വിധിയാണ് പുഷ്പ ഗനേഡിവാല പുറപ്പെടുവിച്ചത്.

അഞ്ചുവയസ്സുകാരിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഒരു അമ്പതുകാരൻ തന്റെ പാന്റ്‌സിന്റെ സിപ്പ് ഊരിയ സംഭവത്തിൽ പോക്‌സോ ചുമത്താൻ വകുപ്പില്ല എന്നായിരുന്നു ജസ്റ്റിസ് ഗനേഡിവാലയുടെ നിരീക്ഷണം.

എതിർക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാൻ ഒരാൾക്ക് തനിയെ സാധിക്കില്ലെന്നായിരുന്നു പ്രതിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള പുഷ്പ ഗനേഡിവാലയുടെ മറ്റൊരു വിവാദ വിധി. ഒരാൾ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്നും കേസിലെ വൈദ്യ പരിശോധനാ റിപ്പോർട്ട് ഇരയ്ക്ക് അനുകൂലമല്ലെന്നും പുഷ്പ ഗനേഡിവാല പറയുന്നു.

pocso case,judgement,central government,bombay highcourt,Judge Pushpa Ganediwalak,