എവറസ്റ്റ് കീഴടക്കിയെന്ന് തെറ്റിധരിപ്പിച്ചു; രണ്ട് ഇന്ത്യൻ പർവ്വതാരോഹകരെ നേപ്പാൾ വിലക്കി

0
154

എവറസ്റ്റ് കീഴടക്കിയെന്ന് ലോകത്തെ തെറ്റിധരിപ്പിച്ച രണ്ട് ഇന്ത്യൻ പർവ്വതാരോഹകർക്ക് വിലക്ക് ഏർപ്പെടുത്തി നേപ്പാൾ. നരേന്ദ്ര സിംഗ് യാദവ്, സീമ റാണി ഗോസ്വാമി എന്നിവരേയും ഇവരുടെ ടീം ലീഡറിനെയുമാണ് ആറുവർഷത്തേക്ക് വിലക്കിയത്. 2016ൽ എവറസ്റ്റ് കീഴടക്കിയെന്ന് ലോകത്തെ തെറ്റിധരിപ്പിച്ചത് കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി.

ടെൻസിങ് നേർഗെ അഡ്വഞ്ചർ അവാർഡിനായി നരേന്ദ്ര യാദവിനെ കഴിഞ്ഞ വർഷമാണ് നാമനിർദ്ദേശം ചെയ്തിരുന്നു. 29032 അടി ഉയരം കീഴടക്കിയെന്നായിരുന്നു ഇവരുടെ അവകാശവാദം.നേപ്പാൾ വിനോദസഞ്ചാര വകുപ്പ് ആയിരുന്നു ഇവർ എവറസ്റ്റ് കീഴടക്കിയതായി സാക്ഷ്യപ്പെടുത്തിയത്. എന്നാൽ എവറസ്റ്റ് കീഴടക്കിയതിന്റെ തെളിവുകളൊന്നും ഹാജരാക്കാൻ യാദവിന് സാധിച്ചിരുന്നില്ല. ബുധനാഴ്ചയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ച് കൊണ്ടുള്ള നേപ്പാളിന്റെ ഉത്തരവ് വന്നത്.

ഇവരുടെ അവകാശവാദങ്ങൾ മറ്റ് പർവ്വതാരോഹകർ ചോദ്യം ചെയ്തതാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ഇവർ രണ്ടുപേരും പർവ്വതാരോഹണത്തിന് എത്തുക കൂടി ചെയ്തില്ലെന്നാണ് നേപ്പാളിലെ വിനോദസഞ്ചാര വകുപ്പ് പറയുന്നത്. വാദങ്ങൾക്ക് അനുസൃതമായ ചിത്രങ്ങൾ പോലും ഹാജരാക്കാൻ ഇവർക്ക് സാധിച്ചില്ല.

വിശദമായ അന്വേഷണത്തിൽ ഇവർ ഹാജരാക്കിയ ചിത്രങ്ങളടക്കം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പർവ്വതാരോഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വഴികാട്ടികളായി എത്തുന്ന ഷെർപ്പകളും അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകിയിരുന്നു.വിശദമായ പരിശോധനകൾ നടത്താതെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതിന് വിനോദസഞ്ചാര വകുപ്പിനും പിഴയിട്ടിട്ടുണ്ട്.