പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കും:മുഖ്യമന്ത്രി

0
77

1993 ൽ രൂപം കൊടുത്ത പത്രപ്രവർത്തക ക്ഷേമ – പെൻഷൻ പദ്ധതിയുടെയും 2000 ൽ ഏർപ്പെടുത്തിയ പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയുടെയും ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ മാനേജിങ് കമ്മിറ്റികളുടെ യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചട്ടങ്ങൾ പരിഷ്‌കരിക്കാനായി രൂപീകരിച്ച കമ്മിറ്റി ഉടനെ ചേരാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു യോഗങ്ങൾ.

നയപരമായ തീരുമാനങ്ങൾ എടുക്കേണ്ട വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. പെൻഷൻ, അംഗത്വം തുടങ്ങിയ വിഷയങ്ങളിലെ അപേക്ഷകളുടെ തീർപ്പ് സുഗമവും സമയബന്ധിതവും ആകാൻ അത്യാവശ്യമായ ചില പരിഷ്‌കാരങ്ങൾക്ക് കമ്മിറ്റി തുടക്കം കുറിച്ചിട്ടുണ്ട്. ഉപസമിതികൾക്കു കൂടുതൽ അധികാരം നൽകുന്നത് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ സർക്കാരിന് ശുപാർശ നൽകും.

വ്യക്തിഗത അപേക്ഷകളും മറ്റു വിഷയങ്ങളും പരിഗണിക്കാൻ അടിയന്തരമായി ഉപസമിതി യോഗങ്ങൾ കൂടാനും തീരുമാനം ആയിട്ടുണ്ട്. പത്രപ്രവർത്തക – പത്രപ്രവർത്തകേതര സംഘടനകൾ ഉന്നയിച്ച വിവിധ ആവശ്യങ്ങളി•േൽ അനുഭാവപൂർണമായ നടപടി കൈക്കൊള്ളാനും തീരുമാനമെടുത്തു.

വിരമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങളാൽ പെൻഷൻ കിട്ടാത്ത അംഗങ്ങളുടെ പ്രശ്നവും പദ്ധതിയിൽ അംഗത്വം നേടിയ ശേഷം വിവിധ കാരണങ്ങളാൽ സ്ഥാപനത്തിൽ നിന്ന് മാറുകയോ സ്ഥാപനം അടച്ചു പൂട്ടുകയോ ചെയ്തത് മൂലം അംശദായം അടയ്ക്കാൻ കഴിയാത്ത മാധ്യമപ്രവർത്തകരുടെ പ്രശ്നവും പരിഹരിക്കാൻ നടപടി സ്വീകരിക്കും.

പത്രപ്രവർത്തക -പത്രപ്രവർത്തകേതര പെൻഷൻ തുകയ്ക്ക് ആനുപാതികമായി കുടുംബ പെൻഷൻ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പിന് ശുപാർശ നൽകാനും തീരുമാനമായി. കോവിഡ് പശ്ചാത്തലത്തിൽ ആറു മാസത്തിലേറെ അംശദായ കുടിശ്ശിക വന്നത് മൂലം അംഗത്വം റദ്ദായവർക്ക് തുടർന്ന് തുക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ ഒരു അവസരം കൂടി നൽകാനും നടപടി സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി യോഗത്തിൽ ഇതുവരെ വകുപ്പിൽ ലഭിച്ചവയിൽ സാധുവായ 181 അപേക്ഷകർക്ക് അക്രഡിറ്റേഷൻ അനുവദിക്കാനും തീരുമാനമായി. യോഗങ്ങളിൽ കമ്മിറ്റി അംഗങ്ങളായ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്രമുഖ മാധ്യമ പ്രവർത്തകർ, പത്രപ്രവർത്തക – പത്രപ്രവർത്തകേതര മേഖലകളിലെ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.