സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്

0
68

കാർട്ടൂൺ രംഗത്തും മാധ്യമ പ്രവർത്തനത്തിലും നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന് നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ഫലകവുമാണ് പുരസ്‌കാരം.ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ കാർട്ടൂൺ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് യേശുദാസൻ.

പൊളിറ്റിക്കൽ കാർട്ടൂണുകളുടെ കുലപതിയായ യേശുദാസൻ ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ ചരിത്രത്തെ കൂടിയാണ് വരകളിലൂടെ കോറിയിട്ടത്. മുതിർന്നവരുടെയും കുട്ടികളുടെയും മനസിൽ ഒരു പോലെ കാർട്ടൂൺ എന്ന കലയെ എത്തിക്കാനും ജനകീയമാക്കാനും യേശുദാസന് കഴിഞ്ഞിട്ടുണ്ട്. വരകളിലൂടെ കുറിക്ക് കൊള്ളുന്ന വിമർശനം ഉയർത്തുന്നതോടൊപ്പം വിഷയത്തെക്കുറിച്ച് ജനമനസുകളിൽ ഗൗരവമേറിയ ചിന്തയ്ക്ക് വിത്തു പാകാനും യേശുദാസന്റെ കാർട്ടൂണുകൾക്ക് സാധിച്ചിട്ടുണ്ട്.

മാവേലിക്കരയ്ക്കു സമീപം ഭരണിക്കാവിൽ 1938ൽ ജനിച്ച അദ്ദേഹം, 1955ലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നത്. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അശോക എന്ന മാസികയിലായിരുന്നു അത്. 1960ൽ ജനയുഗം പത്രത്തിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു കൊണ്ടാണ് രാഷ്ട്രീയ കാർട്ടൂണുകളുടെ ലോകത്തേക്ക് യേശുദാസൻ കടന്നത്.

അദ്ദേഹത്തിന്റെ കിട്ടുമ്മാൻ എന്ന പോക്കറ്റ് കാർട്ടൂൺ ദൈനംദിന രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നതും ശക്തമായ വിമർശനം ഉയർത്തുന്നതുമായിരുന്നു.കുട്ടികൾ കഥാപാത്രങ്ങളായ ചന്തു എന്ന കാർട്ടൂണും അദ്ദേഹം ജനയുഗത്തിൽ വരച്ചിരുന്നു.

ചന്തു കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ഒരു പോലെ പ്രസിദ്ധമായിരുന്നു. ഇതിനു ശേഷമാണ് യേശുദാസൻ ശങ്കേഴ്‌സ് വീക്കിലിയുടെ ഭാഗമായത്. 1985ൽ അദ്ദേഹം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിലെത്തി.

അണിയറ, പ്രഥമദൃഷ്ടി, പോസ്റ്റുമാർട്ടം, വരയിലെ നായനാർ എന്നിങ്ങനെ പുസ്തങ്ങളും പ്രസിദ്ധീകരിച്ചു. കേരള കാർട്ടൂൺ അക്കാഡമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാഡമിയുടെ മുൻ ചെയർമാനുമാണ്. കെ. ഇ. എൻ. കുഞ്ഞഹമ്മദ് ചെയർമാനും  തുളസി ഭാസ്‌ക്കരനും ബി. ജയചന്ദ്രനും അംഗങ്ങളും പി. ആർ. ഡി ഡയറക്ടർ എസ്. ഹരികിഷോർ കൺവീനറുമായി സമിതിയാണ് ജേതാവിനെ നിശ്ചയിച്ചത്.