Thursday
18 December 2025
24.8 C
Kerala
HomePoliticsപന്തളത്ത് ബിജെപി - കോൺഗ്രസ് പ്രമുഖർ സിപിഐ എമ്മിനൊപ്പം , ധർമസംരക്ഷണ സമിതി ചെയർമാനും സിപിഐ...

പന്തളത്ത് ബിജെപി – കോൺഗ്രസ് പ്രമുഖർ സിപിഐ എമ്മിനൊപ്പം , ധർമസംരക്ഷണ സമിതി ചെയർമാനും സിപിഐ എമ്മിൽ

ശബരിമല വിഷയത്തിൽ നാമജപ ഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വംനൽകിയ ധർമസംരക്ഷണ സമിതി ചെയർമാനും പ്രമുഖ ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറടക്കം ഉന്നത നേതാക്കളും പ്രവർത്തകരും സിപിഐ എമ്മിനൊപ്പം. പന്തളത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ തുടങ്ങിയ പൊട്ടിത്തെറി കത്തിപ്പടരുകയായിരുന്നു.

സംസ്ഥാന,- ജില്ലാ, – പ്രാദേശിക നേതൃത്വം നടത്തിയ ഗ്രൂപ്പ്കളിയിൽ അസ്വസ്ഥരായിരുന്ന ഒരു വിഭാഗം നേതാക്കൾ പിന്നീട് മോഡിയുടെ കർഷക, ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബിഎംഎസ് മേഖലാ ജോ. സെക്രട്ടറി എം സി സദാശിവൻ, ബിജെപി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ എം ആർ മനോജ് കുമാർ, ബാലഗോകുലം മുൻ താലൂക്ക് സെക്രട്ടറി അജയകുമാർ വാളാകോട്ട്, മുനിസിപ്പൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്‌ സുരേഷ്, മഹിളാ മോർച്ച ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി ശ്രീലത എന്നിവരടക്കം മുപ്പതിലധികം നേതാക്കളും പ്രവർത്തകരുമാണ് ആദ്യഘട്ടത്തിൽ ബിജെപിവിട്ട് വന്നത്‌.

ശബരിമല വിഷയത്തിൽ പന്തളത്ത്‌ നാമജപ ഘോഷയാത്ര നടത്തിയതിനുപിന്നിലെ ബുദ്ധിയും ആസൂത്രണവും എസ് കൃഷ്ണകുമാറിന്റേതായിരുന്നു. ഇവിടെ സംഘർഷത്തിൽ കൃഷ്ണണകുമാറിനെതിരെ കേസെടുക്കുകയും ജയിലിൽ അടയ്ക്കുകയുംചെയ്തു. എന്നാൽ ബിജെപി ഉന്നത നേതാക്കൾ പിന്നെ കൃഷ്ണകുമാറിനെ തിരിഞ്ഞുനോക്കിയില്ല.

പത്തനംതിട്ട ഡിസിസി അംഗവും മുൻ പഞ്ചായത്തംഗവും, കോൺഗ്രസ് പന്തളം മണ്ഡലം ജനറൽ സെക്രട്ടറിയുമായ വി ടി ബാബു, കർഷക കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റുമായ പന്തളം വിജയൻ, കേരള കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ്‌ ഇടിക്കുള വർഗീസ് എന്നിവരടക്കം 25 ൽ അധികം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സിപിഐ എമ്മിലേക്ക് എത്തി. സിപിഐ എമ്മിൽ എത്തിയവരെ 11ന് പന്തളത്ത് നടക്കുന്ന യോഗത്തിൽ സംസ്ഥാന ആക്ടിങ്‌ സെക്രട്ടറി എ വിജയരാഘവൻ സ്വീകരിക്കും.

പന്തളം തെക്കെക്കര പഞ്ചായത്തിൽ തെരഞ്ഞെടുപ്പിലുണ്ടായ വൻ പരാജയവും തുടർന്നുണ്ടായ അസ്വാരസ്യവും കൂട്ടരാജിയിലെത്തി. അടൂരിൽ നടന്ന മണ്ഡല ശിബിരം ബഹിഷ്‌കരിച്ച ബിജെപി നേതൃത്വം പഞ്ചായത്ത് കമ്മിറ്റി ഒന്നാകെ രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചതാണ് മറ്റൊരു സംഭവം.

 

RELATED ARTICLES

Most Popular

Recent Comments