ഉത്തരാഖണ്ഡ് ദുരന്തം: 31 മൃതദേഹങ്ങൾ കണ്ടെടുത്തു

0
59

ഉത്തരാഖണ്ഡ്‌ ചമോലി ദുരന്തത്തിൽ 31 മൃതദേഹം കണ്ടെടുത്തു. ഉത്തർപ്രദേശിലെ ലക്ഷ്‌മിപുർ സ്വദേശികളായ 34 തൊഴിലാളികളെ ചമോലിയിൽ കാണാതായെന്ന്‌ സ്ഥിരീകരിച്ചു. ബംഗാളിൽനിന്നുള്ള അഞ്ച്‌ പേരെയും കാണാതായി. 170ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്‌.

റൈനി ഗ്രാമത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്‌. തൊഴിലാളികൾ കുടുങ്ങിയ തപോവൻ തുരങ്കത്തിന്റെ പ്രവേശനകവാടത്തിലെ ചെളി നീക്കി.  ചമോലിയിൽ ടണലിനുള്ളിൽ കുടുങ്ങിയ 30 പേരെ പുറത്തെടുത്തു. അണക്കെട്ടിന്റെ ഭാഗമായ തുരങ്കത്തിനുള്ളിൽ‌ രക്ഷാപ്രവർത്തനം തുടരുകയാണ്‌. 12 അടി ഉയരവും 2.5 കിലോമീറ്റർ നീളവുമുള്ള ടണലിലേക്കാണ്‌ മഞ്ഞുമലയിടിഞ്ഞ്‌ വെള്ളം ഇരച്ചുകയറിയത്‌. ഇൻഡോ ടിബറ്റൻ അതിർത്തി രക്ഷാസേനയുടെ (ഐടിബിപി), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്‌), സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്‌ഡിആർഎഫ്‌), ഉത്തരാഖണ്ഡ്‌ പൊലീസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവർത്തനം.

ചെളിയും മണ്ണും നിറഞ്ഞ തുരങ്കം  വൃത്തിയാക്കിക്കൊണ്ടേ മുന്നോട്ട്‌ നീങ്ങാനാകൂ. ഇതിനായി കൂടുതൽ യന്ത്രങ്ങൾ ഉപയോഗിക്കേണ്ടിവരുമെന്ന്‌ രക്ഷാപ്രവർത്തകർ പറഞ്ഞു.രക്ഷാപ്രവർത്തനം തുടരുന്നതായി ആഭ്യന്തരമന്ത്രി അമിത്‌ ഷാ ലോക്‌സഭയിൽ പറഞ്ഞു. മരണമടഞ്ഞവർക്ക്‌ ലോക്‌സഭ ആദരാഞ്‌ജലി അർപ്പിച്ചു.